ബാബ രാംദേവിന്റെ തലയ്ക്ക് ഒരു കോടി പ്രതിഫലം
ജലന്ധര്‍: യോഗ ഗുരു ബാബ രാംദേവിന്റെ തലയ്ക്ക് ബി എസ് പി നേതാവിട്ട വില എത്രയെന്നറിയണോ ഒരു കോടി രൂപ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ഹോഷിയാര്‍പൂര്‍ സ്ഥാനാര്‍ഥിയായ ഭഗവാന്‍ സിംഗ് ചൗഹാനാണ് യോഗ ഗുരുവും വിവാദനായകനുമായ ബാബ രാംദേവിന്റെ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
ബാബ രാംദേവിന്റെ തല കൊണ്ടുത്തരുന്ന ആള്‍ക്ക് ഒരു കോടി രൂപ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ് - ഹോഷിയാര്‍ പൂരിന് സമീപത്ത് രാംദേവിന്റെ കോലം കത്തിച്ചുകൊണ്ട് ചൗഹാന്‍ പ്രഖ്യാപിച്ചു. ദളിത് വംശജര്‍ക്കെതിരെ നടത്തിയ അപമാനകരമായ പ്രസ്താവനയാണ് ബാബ രാംദേവിനെ ബി എസ് പി നേതാവിന്റെ ദേഷ്യത്തിന് ഇരയാക്കിയത്.

ഞായറാഴ്ചയായിരുന്നു ചൗഹാന്‍ ഈ പ്രസ്താവന നടത്തിയത്. ചൗഹാന്‍ ഒരു ആവേശത്തിന്റെ പുറത്ത് പറഞ്ഞുപോയതാണ് ഇത് എന്ന് കരുതരുത്. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും തന്റെ പ്രസ്താവനയില്‍ ഇയാള്‍ ഉറച്ചുതന്നെ നിന്നു. എന്താണ് എന്റെ വാക്കുകളില്‍ കുഴപ്പം. ബാബ രാംദേവ് മുഴുവന്‍ സ്ത്രീ സമൂഹത്തെയും അപമാനിക്കുകയാണ്. പിന്നെന്തുകൊണ്ട് എനിക്ക് ഇങ്ങനെ പറഞ്ഞുകൂട.
ഭഗവാന്‍ സിംഗ് ചൗഹാനെതിരെ നടപടിയെടുക്കാന്‍ ഹോഷിയാര്‍പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ താനു കാശ്യപ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ദളിത് കുടുംബങ്ങളില്‍ ഹണിമൂണിനും വിനോദത്തിനുമായി പോകാറുണ്ട് എന്നായിരുന്നു ബാബ രാംദേവ് കഴിഞ്ഞ ആഴ്ച പറഞ്ഞത്.












Click it and Unblock the Notifications