സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലേക്ക്, ബംഗാളിൽ സിപിഎം എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്!
Recommended Video
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ തോല്‍പ്പിക്കാന്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കൊപ്പം ചേര്‍ന്നു എന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
ബിജെപിക്ക് സ്വാധീനം കുറവുളള മേഖലകളില്‍ പ്രവര്‍ത്തനം ബിജെപിക്ക് വേണ്ടി സിപിഎം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിക്കൊപ്പം ചേരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ബട്ടാചാര്യ രംഗത്ത് വന്നിട്ടുണ്ട്.

തിരിച്ച് വരവ് കാത്ത്
35 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സിപിഎം. 2011ന് ശേഷം സിപിഎമ്മിന് പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ തിരികെ വരാന്‍ സാധിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ വ്യാപകമായി അടിച്ചമര്‍ത്തി. ഒരു തിരിച്ച് വരവ് സമീപകാലത്തൊന്നും നടക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നില്ല.

തൃണമൂലിനെ തോല്‍പ്പിക്കാന്‍
തൃണമൂലും പിന്നാലെ ബിജെപിയുമാണ് ബംഗാളിലെ ശക്തി കേന്ദ്രം. ക്ഷയിച്ച സിപിഎമ്മും ശക്തി തെളിയിക്കാനാവാത്ത കോണ്‍ഗ്രസും ഒരു വശത്തുണ്ട്. സിപിഎമ്മിന് വോട്ട് ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് ചിന്തിക്കുന്ന പ്രവര്‍ത്തകരാണ് തൃണമൂലിനെ തോല്‍പ്പിക്കാന്‍ കൂട്ടമായി കാവിക്കൊടി പിടിക്കുന്നത്.

സമ്പാദ്യം രണ്ട് സീറ്റുകൾ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് ശേഷം സിപിഎം ബംഗാളില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 1977 മുതല്‍ പശ്ചിമ ബംഗാള്‍ ഭരിച്ച പാര്‍ട്ടിയായ സിപിഎമ്മിന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ്.

വോട്ട് വിഹിതം ഇടിഞ്ഞ് താണു
2011ല്‍ ബിജെപി വോട്ടുകള്‍ സംസ്ഥാനത്ത് വെറും 4.06 ശതമാനം മാത്രമായിരുന്നു. ഭരണം നഷ്ടപ്പെട്ടുവെങ്കിലും സിപിഎമ്മിന് 39.6 ശതമാനം വോട്ട് വിഹിതം സ്വന്തമായിട്ടുണ്ടായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2016ല്‍ എത്തിയപ്പോള്‍ ബിജെപി 10.28 ശതമാനത്തിലേക്ക് കുതിച്ച് കയറി.

ബിജെപിക്ക് കുതിപ്പ്
അതേസമയം സിപിഎം വോ്ട്ടുകള്‍ 39 ശതമാനത്തില്‍ നിന്നും 25 ശതമാനത്തിലേക്ക് കൂപ്പ് കുത്തി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം 6 ആയിരുന്നു. 2014ല്‍ എത്തിയപ്പോള്‍ അത് 17 ശതമാനമായി ഉയര്‍ന്നു. അതേസമയം നിയമസഭയിലേതിന് സമാനമായി സിപിഎം വോട്ടുകള്‍ ഇടിഞ്ഞു.

കോൺഗ്രസിനും തൃണമൂലിനും
2009ല്‍ 42 ശതമാനം ഉണ്ടായിരുന്ന സിപിഎം വോട്ടുകള്‍ 2014ല്‍ എത്തിയപ്പോള്‍ 30 ശതമാനമായി കുറഞ്ഞു. കുറവ് വന്ന മുഴുവന്‍ വോട്ടും സിപിഎമ്മിന്റെ കയ്യില്‍ നിന്ന് നേരെ ബിജെപിയിലേക്ക് പോയി എന്ന് കരുതാനാവില്ല. ബിജെപിക്കൊപ്പം തന്നെ കോണ്‍ഗ്രസിനും തൃണമൂലിനനും സിപിഎം വോട്ടുകള്‍ ചോര്‍ന്ന് പോയിട്ടുണ്ട്.

എന്തിന് വോട്ട് ചെയ്യണം
ഈ തെരഞ്ഞെടുപ്പില്‍ ചുവപ്പില്‍ നിന്ന് കാവിയിലേക്കുളള ആ മാറ്റം പ്രകടമാണ്. സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല സിപിഎം കേഡര്‍മാര്‍ വരെ ബിജെപിക്കൊപ്പം പോകുന്നു. സിപിഎമ്മിന്റെ യോഗങ്ങള്‍ക്ക് പത്തോ ഇരുപതോ ആളുകളാണ് എത്തുന്നത്. അത്രയും ദുര്‍ബലമായ ഒരു പാര്‍ട്ടിക്ക് എന്തിന് വോട്ട് ചെയ്യണം എന്നാണ് നേരത്തെ സിപിഎമ്മുകാരനായിരുന്ന തപന്‍ ബിശ്വാസ് ചോദിക്കുന്നത്.

വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്
സിപിഎം അണികള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ രംഗത്ത് വന്നിട്ടുണ്ട്. സിപിഎം മുഖപത്രമായ ഗണശക്തിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്. മമത ബാനര്‍ജിയെ തോല്‍പ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കൊപ്പം പോകുന്നത് വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ചാടുന്നതിന് തുല്യമാണ് എന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വാക്കുകള്‍.












Click it and Unblock the Notifications