വിദ്യാഭ്യാസ മേഖലയ്ക്ക് ചെലവഴിക്കുന്നത് വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍; ബജറ്റില്‍ നീക്കിയിരിപ്പ് ഇങ്ങനെ
ദില്ലി: കൊറോണ പ്രതിസന്ധി രൂപപ്പെട്ട ശേഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു. 6000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. 2020ല്‍ 99300 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി നീക്കിവച്ചിരുന്നു. എന്നാല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 93224 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ തുക വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കി വെക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുകയില്‍ 5000 കോടിയാണ് വെട്ടിക്കുറച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ചെലവഴിക്കുന്ന തുകയില്‍ 1000 കോടിയും കുറച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020ലെ ബജറ്റിന് വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ചത് 99000 കോടിയായിരുന്നു. പിന്നീട് കൊറോണ വ്യാപിക്കുകയും സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തതോടെ ഈ സംഖ്യയില്‍ സര്‍ക്കാര്‍ കുറവ് വരുത്തി. 85000 കോടി രൂപയായിട്ടാണ് കുറച്ചത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 8000 കോടി രൂപ അധികമായി ഈ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 2020ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 6000 കോടി കുറവാണ്.
ഉച്ച ഭക്ഷണത്തിനുള്ള ചെലവിന് 11500 കോടിയാണ് ഇത്തവണ നീക്കിവച്ചത്. കഴിഞ്ഞ ബജറ്റുമായി നോക്കിയാല്‍ 500 കോടി രൂപ കൂടുതലാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് 1284 കോടി രൂപയും നവോദയ വിദ്യാലയങ്ങള്‍ക്ക് 500 കോടി രൂപയും ഇത്തവണ അധികം നല്‍കി. 100 പുതിയ സൈനിക് സ്‌കൂളുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
സമഗ്ര ശിക്ഷ അഭിയാന്‍ എന്ന സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിക്ക് ഇത്തവണ പണം അനുവദിച്ചത് കുറവാണ്. കഴിഞ്ഞ തവണ 38750 കോടി രൂപയാണ് അനുവദിച്ചത്. ഇത്തവണ അത് 31000 ആയി കുറച്ചു. സെക്കണ്ടറി വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഇന്‍സെന്റീവിന് നീക്കിവച്ച തുക ഒരു കോടി മാത്രമാണ്. കഴിഞ്ഞ ബജറ്റില്‍ ഇത് 110 കോടി രൂപയായിരുന്നു.












Click it and Unblock the Notifications