ബജറ്റ് 2022: ബാറ്ററി സ്വാപ്പിംഗ്, ചാര്‍ജിംഗ് സ്റ്റേഷനുകള്‍;ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും
ന്യൂദല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രബജറ്റിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കും. ബാറ്ററി സ്വാപ്പിങ്ങ് സംവിധാനമായിരിക്കും രൂപീകരിക്കുക. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥല പരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം വരുത്തുക. ബാറ്ററി മാറ്റുന്നതിനുള്ള നയം ഇന്റര്‍ഓപ്പറബിലിറ്റി മാനദണ്ഡങ്ങളോടെയായിരിക്കും ആവിഷ്‌കരിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

ഇന്റര്‍ ഓപ്പറബിളിറ്റി ഉള്‍പ്പെടെയുള്ള ബാറ്ററി സ്വാപ്പിംഗ് നയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു വലിയ ഉത്തേജനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗത മേഖലകളെ ലക്ഷ്യമാക്കി അതിവേഗ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ എത്തിക്കും. 2022-23 വര്‍ഷത്തില്‍ 25,000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴു മേഖലകളില്‍ ദ്രുത വികസനം ലക്ഷ്യമിടുന്നു. മലയോര റോഡ് വികസനത്തിനായി പര്‍വത് മാല എന്ന് പേരില്‍ പദ്ധതി ആവിഷ്‌കരിക്കും. ജൈവ കൃഷിക്ക് ഊന്നല്‍ നല്‍കാനായി പദ്ധതികള്‍ രൂപീകരിക്കും.

താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നുമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കും. കൂടാതെ പിഴവുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം. കൂടാതെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനും. കേന്ദ്ര വിഹിതത്തിന് പുറമെ അധികസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

2023ഓടെ ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി ലഭ്യമാക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ടായി. 5 ജി ടെലികോം സര്‍വീസിനായുള്ള സ്പെക്ട്രം ലേലവും ഈ കാലയളവില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളിലായിരിക്കും 5 ജി ലഭ്യമാക്കുക. ബെംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്നൗ, അഹമ്മദാബാദ്, പൂണെ, ഛണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് 5 ജി ആദ്യമെത്തുക. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണത്തിനും രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചേക്കും. എല്‍ ഐ സിയുടെ ന്യൂനപക്ഷ ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റ് 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications