ഒമൈക്രോൺ വ്യാപനം; ബജറ്റിന് മുന്നോടിയായുള്ള ഹൽവ ചടങ്ങ് ഒഴിവാക്കി
ദില്ലി; ഒമൈക്രോണിന്റെ പശ്ചാത്തലത്തിൽ കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ഹൽവാ ചടങ്ങ് ഒഴിവാക്കി ധനകാര്യ മന്ത്രാലയം. പകരം ഉദ്യോഗസ്ഥർക്ക് മധുരം അവരുടെ ജോലി സ്ഥലത്ത് വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ബജറ്റിന് മുൻപായുള്ള ഹൽവ വിതരണ ചടങ്ങ് മാറ്റി വെയ്ക്കുന്നത്.
എല്ലാ വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് നോർത്ത് ബ്ലോക്ക് ബേസ്‌മെന്റിലെ ആസ്ഥാനത്താണ് ഹൽവ ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. ബജറ്റ് തയ്യാറാക്കുന്നതിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ധനമന്ത്രിയാണ് ഹൽവ വിതരണം ചെയ്യുക. ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ അച്ചടിക്കുന്നതിന് ഏകദേശം 10 ദിവസം മുമ്പാണ് ചടങ്ങ് നടത്താറുളളത്. ധനമന്ത്രി, മന്ത്രാലയത്തിലെ സെക്രട്ടറിമാർ, ബജറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുക.

ബജറ്റ് വിശദാംശങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതിന് ശേഷം ഉദ്യോഗസ്ഥരെ നോർത്ത് ബ്ലോക്കിലെ ബജറ്റ് പ്രസിലേക്ക് മാറ്റും. ഉദ്യോഗസ്ഥർ ബജറ്റ് പ്രസിലാണ് ഇക്കാലയളവിൽ കഴിയുക. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ, ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 1 നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. രാജിവെ 11 നായിരിക്കും ബജറ്റ് അവതരണം. ഇത്തവണയും കടലാസ് രഹിതമായാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകൾ പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ്' വഴി ലഭ്യമാകും. ബജറ്റ് പ്രസംഗം, വാർഷിക സാമ്പത്തിക രേഖകൾ, ഗ്രാന്റ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടയുള്ള 14 ഡോക്യുമെന്റുകൾ ആപ്പിൽ ലഭ്യമാകും. ഹിന്ദിയിലും ഇംഗ്ലീഷിലും മൊബൈൽ ആപ്പ് ലഭിക്കും. ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു. www.indiabudget.gov.in എന്ന ആപ്പിലും ബജറ്റ് ലഭ്യമാകും.2021 ലാണ് ആദ്യമായി ധനമന്ത്രി നിർമ്മല സീതാരാമൻ പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചത്.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നേടിയായി തിങ്കളാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ ഇരു സഭകളേയും അഭിസംബോധന ചെയ്യും.രണ്ടാം മോദി സർക്കാരിന്റെ നാലാമത്തെ സമ്പൂർണ ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് ഉതകുന്ന വിവിധ പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications