ജനപ്രിയ പ്രഖ്യാപനങ്ങളില്ല, ആദായ നികുതിയില്‍ പ്രതീക്ഷ വിഫലം: ഊന്നല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍
ദില്ലി: ആദായനികുതി ഇളവ് പോലെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള ധനകാര്യ ബജറ്റ് നിർമ്മല സീതാരാമന്‍ അവതരിപ്പിച്ചത്. അതേസമയം അടിസ്ഥാന സൗകര്യ വികസന രംഗത്തിന് വലിയ ഊന്നല്‍ നല്‍കിയത് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്നും തന്റെ ഒന്നര മണിക്കൂർ നീണ്ട് നിന്ന ബജറ്റ് അവതരണത്തില്‍ നിർമ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022-23 ബജറ്റിലെ പ്രധാനപ്പെട്ട് എട്ട് പ്രഖ്യാപനങ്ങളാണ് ഇനി പറയുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത് നികുതി ദായകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്. നിലവിലെ നിരക്ക് തന്നെ തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്തെ ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനമുണ്ട്. ആദായ നികുതി റിട്ടേൺ രണ്ടു വർഷത്തിനുള്ളിൽ പുതുക്കി ഫയൽ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പുതിയ പ്രഖ്യാപനം. തെറ്റ് തിരുത്തി റിട്ടേൺ ഫയൽ ചെയ്യാനാണ് സാവകാശം നൽകുന്നത്. ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും നികുതിയിളവ് അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പിഎം ഗതിശക്തിയിലൂടെ അടിസ്ഥാന സൌകര്യ വികസനത്തിന് വലിയ പരിഗണണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ബജറ്റിന്റെ പ്രധാന ആകർഷണവും ഇത് തന്നെയാണ്. പിഎം ഗതി ശക്തിയിലൂടെ 2022-23ല്‍ 25,000 കിലോമീറ്റര്‍ പുതിയ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പർവത് മാലാ പദ്ധതിയും ബജറ്റില്‍ പ്രഖ്യപിച്ചിട്ടുണ്ട്. രാജ്യത്ത് 100 പുതിയ കാർഗോ ടെർമിനലുകൾ കൂടി അടുത്ത വർഷം നിലവില്‍ വരുമെന്നും മൂന്നു വർഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ രംഗത്തിറക്കുമെന്നും പ്രഖ്യാപനമുണ്ട്.

കർഷകർക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും വിളകളുടെ സംഭരണം കൂട്ടുമെന്നും കാർഷികോത്പന്ന സംഭരണത്തിന് 2.7 ലക്ഷം കോടി അനുവദിച്ചതും ആശ്വാസകരമാണ്. രാജ്യത്ത് ജൈവ കൃഷിക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. കാർഷിക മേഘലയിൽ ഡ്രോണുകളുടെ സഹായം ലഭ്യമാക്കുമെന്നും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനവും ആശ്വാസകരമാണ്. ഇതിനായി 46,000 കോടി വകയിരുത്തിയിട്ടുണ്ട്. ജൽജീവൻ മിഷന് 60,000 കോടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക വകയിരുത്തും. 2020-ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി സർക്കാർ പുറത്തുവിട്ട സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നു.

പാസ്പോർട്ട് രംഗത്തെ ഡിജിറ്റല്‍ വല്‍ക്കരണമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇ പാസ്‌പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇതോടെ നടപടികള്‍ വേഗത്തിലാകാനും പാസ്‌പോര്‍ട്ട് വേഗം ലഭ്യമാകാനും വഴിയൊരുങ്ങും. ചിപ്പ് ഘടിപ്പിച്ച് പുത്തന്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുള്ളതാകും ഇ പാസ്‌പോര്‍ട്ട്.
സ്വകാര്യ ടെലികോം കമ്പനികള്‍ 5 ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 5 ജി സേവനങ്ങള്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കിത്തുടങ്ങും.5 ജി ക്കൊപ്പം ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കല്‍ 2025 ഓടെ പൂര്‍ത്തിയാകുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കാണ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുക. അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ഡിജിറ്റല്‍ കറന്‍സി ലഭ്യമാവുക. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ ഉത്തേജനമാകും ഡിജിറ്റല്‍ കറന്‍സി വഴി ലഭ്യമാവുകയെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications