ബജറ്റ് 2022: ആധുനികതയിലേക്ക് നയിക്കുന്ന ബജറ്റ്, ലോകം ഇന്ത്യയെ വീക്ഷിക്കുന്നുവെന്ന് മോദി
ന്യൂദല്‍ഹി: രാജ്യത്തെ ആധുനിക വല്‍ക്കരണത്തിലേക്ക് നയിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വര്‍ഷമായി, എടുത്ത തീരുമാനങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തുടര്‍ച്ചയായി വിപുലപ്പെടുത്തുകയാണ്. 7-8 വര്‍ഷം മുമ്പ് ഇന്ത്യയുടെ ജി ഡി പി 1.10 ലക്ഷം കോടിയായിരുന്നു. ഇന്ന് നമ്മുടെ ജി ഡി പി ഏകദേശം 2.3 ലക്ഷം കോടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും ഊന്നല്‍ നല്‍കുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് തങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു ബജറ്റ് പ്രസംഗത്തില്‍ മുഴുവന്‍ ബജറ്റും വിശദീകരിക്കാന്‍ കഴിയില്ല. ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത് ബജറ്റിന്റെ ഒരു ചെറിയ ഭാഗം കൂടിയാകും. അതില്‍ നിരവധി വിഷയങ്ങളുണ്ട്. കൊറോണ മഹാമാരിയ്ക്ക് ശേഷമുള്ള ഒരു പുതിയ ലോകക്രമത്തിന് സാധ്യതയുണ്ട്. ഇന്ന് ഇന്ത്യയെ വീക്ഷിക്കുന്ന ലോകത്തിന്റെ കാഴ്ചപ്പാട് വളരെയധികം മാറിയിരിക്കുന്നു. ഇപ്പോള്‍ ലോകം കൂടുതല്‍ ശക്തമായ ഒരു ഇന്ത്യയെ കാണാന്‍ ആഗ്രഹിക്കുന്ന', മോദി പറഞ്ഞു. ഇത് പുതിയ അവസരങ്ങള്‍ക്കുള്ള സമയമാണ്, പുതിയ തീരുമാനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സമയമാണ്. ഇന്ത്യ സ്വയം പര്യാപ്തമാകേണ്ടതും അതിന്റെ അടിത്തറയില്‍ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കേണ്ടതും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൈവകൃഷിയില്‍ ഊന്നല്‍ നല്‍കി ഇന്ത്യന്‍ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതില്‍ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് കൃഷി കൂടുതല്‍ ലാഭകരമാക്കും. കിസാന്‍ ഡ്രോണുകളും മറ്റ് യന്ത്രങ്ങളും കര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കും, പ്രധാനമന്ത്രി പറഞ്ഞു. 2,500 കിലോമീറ്റര്‍ നീളവും ഏകദേശം 10 കിലോമീറ്റര്‍ വീതിയുമുള്ള പ്രകൃതിദത്ത കാര്‍ഷിക ഇടനാഴി നിര്‍മ്മിക്കാന്‍ ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍, ഗംഗാനദിക്ക് ചുറ്റും ഉത്തരാഖണ്ഡ്, യുപി, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇത് നടപ്പാക്കും, മോദി പ്രഖ്യാപിച്ചു.
ഡ്രോണ്‍ സാങ്കേതികവിദ്യ കര്‍ഷകനെ സഹായിക്കുക മാത്രമല്ല, ഉല്‍പ്പാദനത്തിന്റെ തത്സമയ ഡാറ്റയും ലഭ്യമാക്കും. അതുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് നബാര്‍ഡ് സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം എസ് പിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ പ്രചരിച്ചിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങളുടെ സര്‍ക്കാര്‍ എം എസ് പിയില്‍ റെക്കോര്‍ഡ് വാങ്ങലുകള്‍ നടത്തി. നെല്ലിനെക്കുറിച്ച് മാത്രം പറയുകയാണെങ്കില്‍, ഈ സീസണില്‍ കര്‍ഷകര്‍ക്ക് 1.5 ലക്ഷം കോടിയിലധികം എം എസ് പി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യ എണ്ണ വാങ്ങാന്‍ ചെലവഴിക്കുന്ന വലിയ തുക തിരിച്ചുവിടാനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ദരിദ്രര്‍ക്കായി 80 ലക്ഷം വീടുകള്‍ നീക്കിവച്ചിട്ടുണ്ട്. അതിനായി 48,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് അവരെ ദാരിദ്ര്യത്തെ അതിജീവിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഹിമാലയത്തില്‍ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള പര്‍വ്വത് മാല പദ്ധതി ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications