ബജറ്റ് 2024: കാര്‍ഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികള്‍; കൃഷിക്ക് 1.52 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ വലിയ പ്രാധാന്യമുണ്ട് എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും ഒരു പ്രധാന മുന്‍ഗണനയായിരിക്കും എന്ന് മന്ത്രി പറഞ്ഞു. 10,000 ജൈവ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 109 കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വകഭേദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും കര്‍ഷകര്‍ക്കുള്ള വിളകള്‍ പുറത്തിറക്കും എന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരും. ചെമ്മീന്‍ ഉല്‍പ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കും. ചെമ്മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 400 ജില്ലകളിലെ ഖരീബ് വിളകള്‍ക്കായുള്ള ഡിജിറ്റല്‍ വിള സര്‍വേ നടത്തും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അഞ്ച് വര്‍ഷത്തേക്ക് നീട്ടി.

ഇത് 80 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനം നല്‍കും. കര്‍ഷക ഉല്‍പാദക കേന്ദ്രങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. പച്ചക്കറി ഉല്‍പ്പാദനവും വിതരണ ശൃംഖലയും പ്രോത്സാഹിപ്പിക്കാന്‍ ഉപഭോഗ കേന്ദ്രങ്ങള്‍ക്ക് സമീപം വലിയ ക്ലസ്റ്ററുകള്‍ വികസിപ്പിക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത 2 വര്‍ഷത്തേക്ക് രാജ്യത്തുടനീളമുള്ള 1 കോടി കര്‍ഷകര്‍ പ്രകൃതി കൃഷിക്ക് തുടക്കമിടും.
എന്‍ഡിഎ നേതൃത്വത്തിലുള്ള രണ്ട് സര്‍ക്കാരുകളും ശക്തമായ കര്‍ഷക പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications