രാജ്യം ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയില്‍; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നികുതി ഭീകരതയില്‍ നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനം പോലം ബജറ്റില്‍ ഇല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് ഭയമാണ് എന്നും ഈ ഭയം വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
'ബിജെപിയില്‍ ഒരാള്‍ക്ക് മാത്രമേ പ്രധാനമന്ത്രിയാകാന്‍ സാധിക്കൂ. പ്രതിരോധ മന്ത്രി താന്‍ പ്രധാനമന്ത്രിയാകണമെന്ന് തീരുമാനിച്ചാല്‍, ഒരു വലിയ പ്രശ്‌നമുണ്ട്. അവിടെ വലിയ ഭയം തളംകെട്ടി നില്‍ക്കുന്നുണ്ട്,' രാഹുല്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബിജെപിയിലെ തന്റെ സുഹൃത്തുക്കള്‍ ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാര്‍ ഭയക്കുന്നു, ഇന്ത്യയിലെ കര്‍ഷകര്‍ ഭയക്കുന്നു, തൊഴിലാളികളും യുവാക്കളും ഭയക്കുന്നു, രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുല്‍ സംസാരിക്കുമ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള രണ്ട് തവണ ഇടപെട്ടു. ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് സ്പീക്കര്‍ രാഹുലിനോട് ആവശ്യപ്പെട്ടു. രാജ്യം ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ് എന്നും രാഹുല്‍ പറഞ്ഞു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചക്രവ്യൂഹമാണ്. ആറ് പേരാണ് ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത് എന്നും രാഹുല്‍ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭഗവത്, അജിത് ഡോവല്‍, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവര്‍ ഈ ചക്രവ്യൂഹത്തെ' നിയന്ത്രിക്കുന്നു,' രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ട് പാര്‍ലമെന്ററി പദവി മറന്ന് സംസാരിക്കരുത് എന്നും ആളുകളുടെ പേര് പറയരുതെന്നും രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.
ഇതിന് 'നിങ്ങള്‍ക്ക് വേണമെങ്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേയും വ്യവസായികളുടെയും പേരുകള്‍ ഞാന്‍ നീക്കം ചെയ്യാം,' എന്നായിരുന്നു രാഹുലിന്റെ മറുപടി. പിന്നാലെ ചക്രവ്യൂഹത്തിന് പിന്നിലെ മൂന്ന് ശക്തികള്‍ കുത്തക മൂലധനം എന്ന ആശയം, രാഷ്ട്രത്തിന്റെ സ്ഥാപനങ്ങളും ഏജന്‍സികളും, രാഷ്ട്രീയ എക്‌സിക്യൂട്ടീവ് എന്നിവയാണ് എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
നികുതി ഭീകരതയ്ക്കൊപ്പം വന്‍കിട വ്യവസായികളെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നയങ്ങളും ചെറുകിട ഇടത്തരം ബിസിനസുകളെ നശിപ്പിക്കുന്നതുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ യുവാക്കളുടെ വ്യാപകമായ തൊഴിലില്ലായ്മയുടെ കാരണം എന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം തമാശയായിരിക്കാം എന്നും അദ്ദേഹം പരിഹസിച്ചു. 'നിങ്ങള്‍ യുവാക്കളുടെ കാല് ഒടിച്ചു, അതിന്മേല്‍ ഒരു ബാന്‍ഡെയ്ഡ് ഇടുകയാണ് എന്ന് രാഹുല്‍ പരിഹസിച്ചു.
നിങ്ങള്‍ സ്വയം ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നു, എന്നാല്‍ സൈനികരെ സഹായിക്കാനായി ബജറ്റില്‍ ഒരു പൈസ പോലും അവര്‍ക്കായി നീക്കിവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, രാഹുല്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാരിന് കീഴില്‍ 70 പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയാണ് ഇപ്പോള്‍ യുവാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം.
എന്നാല്‍ ധനമന്ത്രി ഒരിക്കല്‍ പോലും തന്റെ പ്രസംഗത്തില്‍ അത് പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവര്‍ വിദ്യാഭ്യാസത്തിനായി അനുവദിച്ചത് 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.












Click it and Unblock the Notifications