ബജറ്റ് 2024: പ്രത്യേക പാക്കേജില്ല; ബിഹാറിന് വാരിക്കോരി നൽകി ബജറ്റ്..വിമാനത്താവളമടക്കം വമ്പൻ പദ്ധതികൾ
സഖ്യകക്ഷിയായ ജെ ഡി യുവിനെ ആശ്വസിപ്പിക്കാൻ ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രബജറ്റ്. പുതിയ വിമാനത്താവളം അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഹൈവേ വികസനത്തിന് മാത്രം 26,000 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. മെഡിക്കൽ കോളേജ് യഥാർത്ഥ്യമാക്കാനും സഹായം ലഭിക്കും.
പട്‌നയെയും പൂർണിയയെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയ്ക്കായി ബജറ്റിൽ പണം വകയിരുത്തി. കൂടാതെ ബക്സർ -ബഗൽപൂർ, ബോധഗയ, രാജ്ഗിർ, വൈശാലി, ദർബംഗ എന്നിവയെയും ബന്ധിപ്പിക്കുന്ന എക്‌സ്‌പ്രസ്‌വേകളും വികസിപ്പിക്കും. ബക്സർ ജില്ലയിൽ ഗംഗയ്ക്ക് കുറുകെ പാലം നിർമ്മിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. ഭഗൽപൂർ ജില്ലയിലെ പിർപൈന്തിയിൽ 2,400 മെഗാവാട്ട് വൈദ്യുതി നിലയവും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്കും സഹായം ലഭിക്കും.പ്രളയ ദുരിതം നേരിടാൻ 11500 കോടിയുടെ സഹായവും സംസ്ഥാനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ കിഴക്കൻ മേഖലയുടെ വികസനം ലക്ഷ്യം വെച്ച് പ്രഖ്യാപിച്ച പൂർവോദയ പദ്ധതിയുടെ ഭാഗമാണ് ബിഹാറും. മാനവവിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. ബിഹാറിനെ കൂടാതെ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സർവോൻമുഖമായ വികസനമാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
അതേസമയം ബജറ്റിലെ പ്രഖ്യാപനം ജെഡിയുവിനെ സംബന്ധിച്ച് ആശ്വാസമാണ്. ബജറ്റിൽ ബിഹാറിന് പ്രത്യേക പദവി അനുവദിക്കണമെന്നായിരുന്നു സഖ്യകക്ഷിയായ ജെ ഡി യുവിന്റെ ആവശ്യം. എന്നാൽ സംസ്ഥാനം പ്രത്യേക പദവിക്ക് അർഹമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. 2012 ലെ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ജെ ഡി യുവിന്റെ ആവശ്യം സർക്കാർ തള്ളിയത്.
കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയുടെ കൂടുതൽ ഭാഗം ഗോത്ര വിഭാഗങ്ങൾ, അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിൽ തന്ത്രപരമായ സ്ഥാനം, സാമ്പത്തികവും സാങ്കേതികവുമായി പിന്നാക്കാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക പദവി നൽകുന്നതിൽ പരിഗണിക്കുന്നത്. എന്നാൽ ഈ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രത്യേക പദവിക്ക് ബിഹാറിന് അർഹതയില്ലെന്നായിരുന്നു റിപ്പോർട്ട്.
കേന്ദ്രസർക്കാർ തീരുമാനത്തിൽ ജെ ഡി യു ക്യാമ്പിൽ വലിയ അതൃപ്തിതയാണ് ഉയർന്നത്. എൻ ഡി എ സർക്കാരിനെ പിന്തുണയ്ക്കാൻ കാരണം തന്നെ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക പദവി ഇല്ലെങ്കിൽ പ്രത്യേക പാക്കേജ് എങ്കിലും അവതരിപ്പിക്കണമെന്നും ജെ ഡി യു ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications