ബജറ്റ് 2024: നികുതി സ്ലാബുകളില്‍ മാറ്റം പ്രതീക്ഷിക്കാമോ? ബജറ്റ് പ്രതീക്ഷകള്‍ എന്തെല്ലാം?
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ ആദായനികുതി സ്ലാബുകളിലും വ്യക്തിഗത നികുതി ആനുകൂല്യങ്ങളിലും ഇളവ് പ്രതീക്ഷിച്ച് രാജ്യം. സാമ്പത്തിക ചാഞ്ചാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടത്തരം, താഴ്ന്ന വരുമാന വിഭാഗങ്ങളെ ആയതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രതീക്ഷകള്‍ കൂടുതലാണ്.
ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള വലിയ മാറ്റങ്ങളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചേക്കുമെന്ന് സാമ്പത്തിക പ്രവണതകള്‍ സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു നടപടിയായിരിക്കും ആദായ നികുതി സ്ലാബുകളില്‍ അല്‍പം ആശ്വാസം നല്‍കുന്നതിനുള്ള ക്രമീകരണം. പഴയ നികുതി വ്യവസ്ഥ അനുസരിച്ച് വ്യക്തിഗത നികുതിദായകര്‍ക്ക് 60 വയസിന് താഴെയുള്ളവര്‍ക്ക് 2.5 ലക്ഷം രൂപയും 60-80 വയസ്സ് വരെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം രൂപയും 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുമാണ് ഇളവ് പരിധി.

ഈ പരിധികള്‍ വര്‍ധിപ്പിക്കുന്നത് ഇടത്തരം, താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5%, 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനത്തിന് 20%, 10 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% എന്നിങ്ങനെയാണ് നിലവിലെ നികുതി നിരക്കുകള്‍. താഴ്ന്ന സ്ലാബുകളില്‍ നിരക്ക് കുറയ്ക്കല്‍ ആശ്വാസം നല്‍കും.
5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ വരുമാനത്തിന് 10% സ്ലാബും 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനത്തിന് 15% സ്ലാബും ഏര്‍പ്പെടുത്തുന്നത് രണ്ട് വിഭാഗങ്ങളിലെയും നികുതിദായകര്‍ക്ക് കൈയില്‍ കൂടുതല്‍ ഫണ്ട് ഉറപ്പാക്കും. സെക്ഷന്‍ 80 സി പ്രകാരം ലഭ്യമായ കിഴിവ്, നിലവില്‍ നിക്ഷേപത്തിന് 1.5 ലക്ഷം, 2 ലക്ഷം അല്ലെങ്കില്‍ 2.5 ലക്ഷം വരെ വര്‍ദ്ധിപ്പിക്കാം. ഇത് ഇടത്തരം വരുമാനക്കാര്‍ക്കിടയില്‍ കൂടുതല്‍ സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ നികുതി ഇളവ് നല്‍കുകയും ചെയ്യും.
ഇതിനുപുറമെ സെക്ഷന്‍ 24 (ബി) പ്രകാരമുള്ള ഭവനവായ്പ പലിശ കിഴിവ് പരിധി നിലവിലുള്ള 2 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നത് ആശ്വാസകരമാകും. ആരോഗ്യ സംരക്ഷണം നിരവധി ആളുകളുടെ ഒരു പ്രധാന ചെലവ് ഘടകമായതിനാല്‍ സെക്ഷന്‍ 80 ഡി പ്രകാരമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ കിഴിവ് പരിധി നിലവിലെ 25000 ത്തില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 50000 ത്തില്‍ വര്‍ധിപ്പിക്കുന്നത് സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കും.
താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങള്‍ക്ക് ബാധകമായ കുറച്ച് പുതിയ നികുതി ലാഭിക്കല്‍ പദ്ധതികള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയും. വിദ്യാഭ്യാസച്ചെലവുകളുടെ നികുതി ക്രെഡിറ്റുകള്‍, അവശ്യസാധനങ്ങള്‍ക്കുള്ള സബ്സിഡികള്‍, വര്‍ധിച്ച സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ പോലുള്ള വ്യവസ്ഥകള്‍ താഴ്ന്ന വരുമാന വിഭാഗത്തിന് കീഴില്‍ വരുന്നവര്‍ക്ക് അത്യന്താപേക്ഷിതമാണ്.
അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് വിദഗ്ധര്‍ കരുതുന്നു. സ്വരണ വ്യാപാരികള്‍ ഇറക്കുമതി തീരുവയിലെ മാറ്റങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15% ല്‍ നിന്ന് 10% ആയും വെള്ളി ഇറക്കുമതി തീരുവ സെപ പ്രകാരം സ്വര്‍ണത്തിന് തുല്യമാകുമെന്നും വിപണി പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications