ബജറ്റ് 2025: 'ധനമന്ത്രിയുടെ വകയുളള ഒരു ആചാരം', കേന്ദ്രത്തിന്റെ വരവ്-ചെലവ് കണക്ക് പറച്ചിൽ മാത്രമെന്ന് കോൺഗ്രസ്
ഡല്‍ഹി: ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വാര്‍ഷിക ബജറ്റ് പ്രക്രിയയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്റെ ചിലവും വരുമാനവും കണക്കാക്കുന്ന ഒരു കണക്ക് കൂട്ടല്‍ വ്യായാമം അല്ലാതെ മറ്റൊന്നുമല്ല ബജറ്റ് എന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്ര ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രിയുടെ മഹത്തരമായ ഒരു ആചാരം മാത്രമായി മാറിയിരിക്കുകയാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മനീഷ് തിവാരി കുറ്റപ്പെടുത്തി.
''എന്താണ് ബജറ്റ്? അത് ഒരു കണക്ക് കൂട്ടല്‍ പ്രക്രിയ മാത്രമാണ്. സര്‍ക്കാര്‍ എത്ര വരുമാനമുണ്ടാക്കി, എത്ര ചെലവഴിച്ചു എന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അത് ധനമന്ത്രിയുടെ ഒരു മഹാആചാരമായി മാറ്റപ്പെട്ടു. രാഷ്ട്രപതിയുടെ ബജറ്റ് പ്രസംഗം പോലെ ഉപയോഗ ശൂന്യമായ ഒരു ചടങ്ങ്. സര്‍ക്കാരിന്റെ വരുമാന-ചെലവ് കണക്കുകള്‍ സഭയില്‍ പറയേണ്ട കാര്യം മാത്രമേ യഥാര്‍ത്ഥത്തിലുളളൂ'', മനീഷ് തിവാരി കുറിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നയംമാറ്റം കൊണ്ട് വരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ അഭിപ്രായപ്പെട്ടു. ''ഇന്ത്യയുടെ സാമ്പത്തിക രംഗം വ്യത്യസ്തമായ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. തൊഴിലുകളുടെ എണ്ണം കുറയുന്നു. നഗരമേഖലകളിലെ ചിലവഴിക്കലും കുറഞ്ഞു വരുന്നു. ധനികര്‍ കൂടുതല്‍ ധനികര്‍ ആകുമ്പോള്‍ മധ്യവര്‍ഗമാണ് പ്രതിസന്ധിയിലാകുന്നത്. സര്‍ക്കാര്‍ ജനങ്ങളുടെ വേദന കാണുമെന്നും നയത്തില്‍ മാറ്റം വരുത്തുമെന്നുമാണ് പ്രതീക്ഷ'', അദ്ദേഹം പറഞ്ഞു.
എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ബജറ്റ് പ്രക്രിയയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ബജറ്റ് തയ്യാറാക്കുന്നതില്‍ അരികുവത്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രതിനിധ്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുലിന്റെ വിമര്‍ശനം. ഏതാനും പേര്‍ക്ക് കീഴിലാണ് ബജറ്റ് തയ്യാറാക്കല്‍ നടക്കുന്നത്. അതില്‍ ദളിതരോ പിന്നോക്ക വിഭാഗങ്ങളോ ന്യൂനപക്ഷമോ ഒന്നും ഉണ്ടാകാറില്ലെന്ന് രാഹുല്‍ പറഞ്ഞു.
''നാളെ ധനമന്ത്രി ഒരു പെട്ടിയുമായി പോകുന്നത് കാണാം. ഒരു ഫോട്ടോ വരും. എന്നാല്‍ അതില്‍ ഒരു ദളിതനെയോ ഒരു ഗോത്രവര്‍ഗക്കാരനെയോ പിന്നോക്ക വിഭാഗത്തില്‍ നിന്നോ ന്യൂനപക്ഷത്ത് നിന്നോ ഒരാളെയോ കാണാനാകില്ല. 90 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ബജറ്റ് തയ്യാറാക്കുന്നത്. അതില്‍ 3 പേര്‍ ഒബിസിയില്‍ നിന്നാണ്. ജനസംഖ്യയുടെ 50 ശതമാനം നിങ്ങളാണ്. ബജറ്റില്‍ 100 രൂപ വിതരണം ചെയ്യുന്നുവെങ്കില്‍ അതില്‍ 5 രൂപയുടെ തീരുമാനം മാത്രമാണ് നിങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ എടുക്കുക'', രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications