ബജറ്റ് 2025: ആരോഗ്യരംഗത്ത് മെഡിക്കൽ ടൂറിസത്തിന് ഊന്നൽ, കാന്‍സര്‍ ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും
ഡല്‍ഹി: ആരോഗ്യ രംഗത്ത് മെഡിക്കല്‍ ടൂറിസത്തിന് ഊന്നല്‍ നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ഹീല്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ വിസ നടപടികള്‍ ലളിതമാക്കുമെന്നും ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കാന്‍സറിനും മറ്റ് അപൂര്‍വ രോഗങ്ങള്‍ക്കും ഉളള 36 മരുന്നുകളെ കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുളളത് ഈ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമായി 10,000 സീറ്റുകളാണ് കൂട്ടിച്ചേര്‍ക്കുക. അടുത്ത 5 വര്‍ഷത്തിനുളളില്‍ 75000 മെഡിക്കല്‍ സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ എല്ലാ ജില്ലകളിലുമുളള സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കും. മൂന്ന് വര്‍ഷത്തിനുളളില്‍ 200 കാന്‍സര്‍ ഡേ കെയര്‍ സെന്ററുകള്‍ ആണ് സ്ഥാപിക്കുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ആരോഗ്യസുരക്ഷ ഉറപ്പാക്കും. രാജ്യത്തെ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഉറപ്പാക്കുമെന്നും തന്റെ എട്ടാം ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
2024-25ലെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ വകുപ്പിന് 909558.63 കോടി രൂപ അനുവദിച്ചിരുന്നു. 2023-24 വര്‍ഷത്തെ ബജറ്റിലേതിനേക്കാള്‍ 12.9 ശതമാനം കൂടുതലായിരുന്നു കഴിഞ്ഞ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് നീക്കി വെച്ചത്. ക്യാന്‍സര്‍ ചികിത്സയ്ക്കുളള 3 മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായാണ് 2024ലെ ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.
Download

Click it and Unblock the Notifications