സ്വര്‍ണം ഇപ്പോള്‍ ഉഷാര്‍... പക്ഷെ കേന്ദ്രത്തിന്റെ ആ പ്രഖ്യാപനം വന്നാല്‍ എല്ലാം തകരും... ആകാംക്ഷ
ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യത്തെ പ്രധാന വാണിജ്യ- വ്യവസായ മേഖലകള്‍ എല്ലാം. അതില്‍ തന്നെ സ്വര്‍ണ വിപണിയെ ആണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനോടകം സര്‍വകാല റെക്കോഡിലെത്തിയ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന എന്ത് പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടാകുക എന്നാണ് എല്ലാവരുടേയും ആകാംക്ഷ.
കഴിഞ്ഞ ജൂലൈയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയെ നല്ല രീതിയില്‍ സ്വാധീനിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ബജറ്റില്‍ താരിഫ് വര്‍ധിപ്പിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. 2025-26 ബജറ്റിന് മുന്നോടിയായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തരുതെന്ന് ഡബ്ല്യുജിസി ഇന്ത്യയുടെ റീജിയണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ പറഞ്ഞു.

'വരാനിരിക്കുന്ന ബജറ്റില്‍ ഇറക്കുമതി തീരുവയില്‍ എന്തെങ്കിലും വര്‍ധനവ് വരുത്തുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. കള്ളക്കടത്തിന്റെ വര്‍ധനവ്, ആഭ്യന്തര സ്വര്‍ണ വില ഉയരല്‍, വ്യവസായത്തെ പിന്നോട്ടടിപ്പിക്കല്‍ എന്നിവയാണ് സാധ്യമായ പ്രത്യാഘാതങ്ങള്‍. ഒരു സമന്വയ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ സ്വര്‍ണ വ്യവസായം തുടര്‍ന്നും അഭിവൃദ്ധി പ്രാപിക്കുകയും നവീകരിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.
സ്വര്‍ണ വിപണിയാണ് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നല്‍കുന്ന ഒരു മേഖല. മുന്‍കാലങ്ങളിലേതിന് സമാനമായി പുരോഗമനപരവും ജനസൗഹൃദപരവും വ്യവസായ-പിന്തുണയുള്ളതുമായ നയപ്രഖ്യാപനങ്ങളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ജെയിന്‍ പറഞ്ഞു. സ്വര്‍ണ വ്യവസായം ഇന്ത്യയുടെ ജിഡിപിയിലേക്ക് 1.3 ശതമാനം സംഭാവന നല്‍കുകയും ഏകദേശം 2-3 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.
ജൂലൈയില്‍ അവതരിപ്പിച്ച 2024 ബജറ്റില്‍ സ്വര്‍ണത്തിന്റെ മൊത്തം കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. അനൗദ്യോഗിക ഇറക്കുമതി കുറയ്ക്കാനും ഔദ്യോഗിക ചാനലുകള്‍ സുസ്ഥിരമാക്കാനും ആഭ്യന്തരമായി സ്വര്‍ണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിച്ചതായി ഡബ്ല്യുജിസി അവകാശപ്പെട്ടു. സ്വര്‍ണ്ണത്തിന്മേലുള്ള നികുതി കുറച്ചത് കൂടുതല്‍ സംഘടിതവും സുതാര്യവുമായ വ്യവസായത്തിലേക്ക് നയിച്ചു.
അതിന്റെ ഫലമായി ശക്തമായ സ്വര്‍ണ്ണ വിപണി സൃഷ്ടിക്കപ്പെടാനും കാരണമായി. അതേസമയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച് ഏപ്രില്‍ 4 ന് അവസാനിക്കും. ഫെബ്രുവരി 1 നാണ് ബജറ്റ് അവതരണം. 2024-25 ലെ സാമ്പത്തിക സര്‍വേ ജനുവരി 31 ന് അവതരിപ്പിക്കും. അതേസമയം ഇന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്ന് സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 60320 രൂപയാണ് വില. 120 രൂപയാണ് പവനില്‍ കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 7540 രൂപയിലും എത്തിയിരിക്കുകയാണ്.












Click it and Unblock the Notifications