ഹൈക്കോടതി ജഡ്ജിയുടെ വീടിനു സമീപം റോഡിലും 500ന്റെ നോട്ടുകള്‍; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍
ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കത്തിക്കരിഞ്ഞ നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. വീട്ടില്‍ നിന്ന് കെട്ടുകണക്കിന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനു പിന്നാലെ ജഡ്ജിയുടെ വീടിനു സമീപം വഴിയരികില്‍ നിന്നും പാതി കത്തിയ 500-ന്റെ നോട്ടുകള്‍ കണ്ടെത്തി.
വീട്ടില്‍ നിന്നു കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരേ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീടിന്റെ പരിസരത്ത് മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് കറന്‍സി നോട്ടുകള്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത്. പാതി കത്തിയ നിലയിലുള്ള അഞ്ഞൂറിന്റെ നോട്ടുകളുടെ കഷ്ണങ്ങളാണ് ശുചീകരണ തൊഴിലാളികള്‍ക്കു ലഭിച്ചത്.

റോഡില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെ നാലഞ്ച് ദിവസം മുന്‍പാണ് കത്തിയ 500 രൂപയുടെ ചെറു കഷണങ്ങള്‍ കണ്ടെത്തിയതെന്ന് ശുചീകരണ തൊഴിലാളിയായ ഇന്ദര്‍ജീത് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴും ഒന്ന് രണ്ട് കഷണങ്ങള്‍ കൂടി കണ്ടെത്തി. എവിടെയാണ് തീ പടര്‍ന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇന്ദര്‍ജീത് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 14-ന് രാത്രിയിലാണ് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ വന്‍ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ച നിലയിലുള്ള നോട്ടുകെട്ടുകളാണ് കത്തിനശിച്ചത്. സംഭവം നടക്കുമ്പോള്‍ അലഹാബാദുകാരനായ ജസ്റ്റിസ് യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആഭ്യന്തര അന്വേഷണത്തിന് മൂന്നംഗ സമിതിയെ സുപ്രീംകോടതി രൂപീകരിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ് സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ രംഗത്തുവന്നു. സ്റ്റോര്‍ റൂമില്‍ താന്‍ പണം സൂക്ഷിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം
എന്നാല്‍ ജഡ്ജിയുടെ വീടിനു സമീപത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ പണം കണ്ടെത്തിയതോടെ യശ്വന്ത് വര്‍മ്മയുടെ വാദം എത്രത്തോളം വിശ്വസനീയമാണെന്ന് പരിശോധിക്കും. ഇദ്ദേഹത്തിന്റെ രാജിക്കായും സമ്മര്‍ദമുണ്ട്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് എതിരായാല്‍ യശ്വന്ത് വര്‍മ്മയ്ക്ക് രാജി വയ്‌ക്കേണ്ടിവരും.
അതിനിടെ, പണം കണ്ടെടുത്ത സംഭവത്തില്‍ സുപ്രീം കോടതിയുടെ തുടര്‍ നടപടികള്‍ തിങ്കളാഴ്ച ഉണ്ടാകും. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൊളീജിയം പരിശോധിക്കും. റിപ്പോര്‍ട്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു. യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടു.
നാലോ അഞ്ചോ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പാതി കത്തിയ നോട്ടുകെട്ടുകള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. ഡല്‍ഹി കമ്മിഷണറും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജഡ്ജിയുടെ വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത തുക കണ്ടെത്തിയ സംഭവം രാജ്യതലസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications