വെടിയുതിർത്ത് ആത്മഹത്യ ചെയ്ത് വ്യവസായി, ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതാവിന്റെ പേരും
ബെംഗളൂരു: ബിജെപി നേതാവിന്റെ പേര് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ച ശേഷം സ്വയം വെടി വെച്ച് മരിച്ച് വ്യവസായി. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന 47കാരനായ പ്രദീപ് എസ് ആണ് ബിജെപി എംഎല്‍എയായ അരവിന്ദ് ലിംബവാലിയുടെ പേര് എഴുതി വെച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. കഗ്ഗാലിപുരയില്‍ സ്വന്തം കാറിനകത്തായിരുന്നു മരണം. തന്റെ മരണത്തിന് ഉത്തരവാദി ബിജെപി എംഎല്‍എയും മറ്റ് 5 പേരും ആണെന്നാണ് 8 പേജുളള ആത്മഹത്യാക്കുറിപ്പില്‍ പ്രദീപ് എസ് പറയുന്നത്.
സംഭവത്തില്‍ ബിജെപി എംഎല്‍എയായ ലിംബവാലി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' ആത്മഹത്യാക്കുറിപ്പില്‍ തന്റെ പേരുളളതായി അറിഞ്ഞു. 2010 മുതല്‍ 2013 വരെ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നത് പ്രദീപ് ആയിരുന്നു. ബിസ്സിനസ്സിലുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ച് പ്രദീപ് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരോട് ഞാന്‍ സംസാരിക്കുകയും പ്രശ്‌നത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രദീപ് എത്ര പണം ബിസിനസ്സില്‍ നിക്ഷേപിച്ചു എന്ന് ചോദിക്കുകയോ പാര്‍ട്ണര്‍മാര്‍ക്ക് എത്ര പണം നല്‍കാനുണ്ട് എന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ താന്‍ ചെയ്തിട്ടില്ല. പിന്നീട് പ്രദീപ് തന്നെ കണ്ട് നന്ദി പറഞ്ഞു.പ്രദീപ് എന്തിന് ആത്മഹത്യ ചെയ്തുവെന്നോ തന്റെ പേര് എന്തിന് പറഞ്ഞുവെന്നോ അറിയില്ല. ''

2018ല്‍ ഓപസ് ക്ലബ്ബില്‍ പ്രദീപ് 1.5 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. മൂന്ന് ലക്ഷം ലാഭവും മാസവരുമാനമായി 1.5 ലക്ഷവുമാണ് നിക്ഷേപം നടത്തുന്നതിനായി പ്രദീപിന് നല്‍കിയിരുന്ന വാഗ്ദാനം എന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ പ്രദീപിന് ഈ പറഞ്ഞതൊന്നും ലഭിച്ചില്ല. പ്രശ്‌നത്തില്‍ എംഎല്‍എ ഇടപെടുകയും നിക്ഷേപകര്‍ക്ക് കമ്പനി പണം തിരിച്ച് കൊടുക്കണം എന്ന കരാറിലെത്തുകയും ചെയ്തു. മറ്റ് 5 നിക്ഷേപകരേയും എംഎല്‍എ പിന്തുണച്ചുവെന്നും തന്നെ കയ്യൊഴിഞ്ഞു എന്നും പ്രദീപ് കത്തില്‍ ആരോപിക്കുന്നു.
ഗോപി കെ, സോമയ്യ, ജി രമേഷ് ഷെട്ടി, ജയറാം റെഡ്ഡി, രാഘവ ഭട്ട് എന്നിവരുടേതാണ് എംഎല്‍എയുടെ പേരിന് ഒപ്പം ആത്മഹത്യാക്കുറിപ്പിലുളള മറ്റ് പേരുകള്‍. ഒരേ തരത്തിലുളള മൂന്ന് ആത്മഹത്യാക്കുറിപ്പുകളാണ് പ്രദീപ് തയ്യാറാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. ഒന്ന് വീട്ടിലും ഒന്ന് ബന്ധുവിന്റെ കാറിന്റെ വൈപ്പര്‍ ബ്ലേഡിലും മൂന്നാമത്തേത് സ്വന്തം കാറിലുമായിരുന്നു പ്രദീപ് വെച്ചിരുന്നത്. പ്രദീപിന് ഗണ്‍ ലൈസന്‍സ് ഉണ്ടായിരുന്നു. ഭാര്യയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കഗ്ഗലിപുരത്തുളള വുഡ്‌സോര്‍ റിസോര്‍ട്ടില്‍ പുതുവര്‍ഷം ആഘോഷിച്ച് തിരികെ വരും വഴിയാണ് വൈകിട്ട് അഞ്ചരയോടെ പ്രദീപിന്റെ മരണം. ഭാര്യ നമിത ഈ സമയം ബന്ധുവിന്റെ കാറിലായിരുന്നു. ഭാര്യയുമായി നേരത്തെ പ്രദീപിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രദീപ് ഉപദ്രവിക്കുന്നതായി നമിത പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മിലുളള പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications