ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊന്ന് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു; വ്യവസായി പിടിയില്‍
ചണ്ഡീഗഢ്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യവസായിയുടെ ശ്രമം. നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് പഞ്ചാബിലെ വ്യവസായിയായ ഗുര്‍പ്രീത് സിംഗ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. ബിസിനസ് തകര്‍ന്ന ഇയാള്‍ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഗുര്‍പ്രീത് സിംഗിനേയും ഭാര്യ ഖുശ്ദീപ് കൗറിനേയും കൂടാതെ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഖ്വീന്ദര്‍ സിംഗ് സംഘ, ജസ്പാല്‍ സിംഗ്, ദിനേഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. സുഖ്ജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ജീവന്‍ദീപ് കൗര്‍ നല്‍കിയ പരാതിയാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തിയിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതോടെ പൊലീസ് സുഖ്ജിത്ത് പോകാന്‍ ഇടയുള്ള സ്ഥലങ്ങളെല്ലാം അന്വേഷിച്ചു. അദ്ദേഹം സ്ഥിരമായി പോകുന്ന സ്ഥലങ്ങളും പൊലീസ് ട്രാക്ക് ചെയ്തു. ഇതിനിടെയാണ് ഗുര്‍പ്രീത് ഭര്‍ത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ പറഞ്ഞത്.
ഇക്കാര്യം അന്വേഷിക്കാനായി പൊലീസ് ഗുര്‍പ്രീതിന്റെ വീട്ടിലെത്തി. എന്നാല്‍ ഗുര്‍പ്രീത് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചു പോയി എന്നായിരുന്നു കുടുംബത്തിന്റെ മറുപടി. ഇതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊടുംകുറ്റകൃത്യത്തിന്റെ നിജസ്ഥിതി വെളിവായത്. ബിസിനസില്‍ നഷ്ടം സംഭവിച്ച ഗുര്‍പ്രീത് പ്രദേശവാസിയായ സുഖ്ജിത്തനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
സ്ഥിരം മദ്യം വാങ്ങി നല്‍കി സൗഹൃദം സ്ഥാപിച്ച ഗുര്‍പ്രീത്, ഒരിക്കല്‍ മദ്യത്തില്‍ തന്നെ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി. ഇത് കഴിച്ച് അബോധാവസ്ഥയിലായ സുഖ്ജീത്തിനെ ഗുര്‍പ്രീതും സംഘവും കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് തിരിച്ചറിയാതിരിക്കാന്‍ ഗുര്‍പ്രീതിന്റെ വസ്ത്രം സുഖ്ജീത്തിനെ ധരിപ്പിക്കുകയും ചെയ്തു. അതിന് ശേഷം സുഖ്ജീത്തിനെ ട്രക്ക് കയറ്റിയാണ് കൊലപ്പെടുത്തിയത്.
ട്രക്ക് കയറിയിറങ്ങിയ മൃതദേഹം ഗുര്‍പ്രീതിന്റെ ഭാര്യയെ കാണിക്കുകയും ചെയ്തു. ഇവര്‍ അത് തന്റെ ഭര്‍ത്താവിന്റേതാണെന്ന് പൊലീസിനോട് പറയുകയും ചെയ്തു. എന്നാല്‍ ഭാര്യ അടക്കമുള്ളവര്‍ അറിഞ്ഞ് കൊണ്ടാണ് ഗുര്‍പ്രീത് ഈ നാടകം കളിച്ചതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് രവ്‌ജോത് കൗര്‍ ഗ്രെവാള്‍ പറഞ്ഞു.












Click it and Unblock the Notifications