ഉപതിരഞ്ഞെടുപ്പ് ഫലം; ഇന്ത്യ മുന്നണിക്ക് വൻ മുന്നേറ്റം, തിളങ്ങി കോൺഗ്രസ്, 5 ഇടത്ത് ലീഡ്,ഒരിടത്ത് ബിജെപി
ഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇന്ത്യ മുന്നണിക്ക് വൻ മുന്നേറ്റം. 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ മുന്നണിയാണ് ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തിൽ ബി ജെ പിയും ഒരു മണ്ഡലത്തിൽ ജെ ഡി യുവും മുന്നിട്ടുനിൽക്കുന്നു.
പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും കനത്ത തിരിച്ചടിയാണ് ബി ജെ പിക്കുണ്ടായത്. ഇവിടെ മുഴുവൻ സീറ്റിലും തൃണമൂൽ കോൺഗ്രസ് ആണ് മുന്നേറുന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മണിക്തമല മാത്രമാണ് തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. ബാക്കി മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു.

ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ രണ്ട് സീറ്റിലും കോൺഗ്രസ് ആണ് മുന്നേറുന്നത്. ബദരീനാഥ്, മാംഗ്ലൂർ സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ബദരീനാഥിൽ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലഖ്പത് ബൂട്ടോളയാണ് ലീഡ് ചെയ്യുന്നത്. ബദരീനാഥിവൽ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. രാജേന്ദ്ര തന്നെയാണ് ഇവിടെ ബി ജെ പിക്ക് വേണ്ടി ഇറങ്ങിയത്. മാഗ്ലൂർ മണ്ഡലത്തിൽ ബി എസ് പി എം എൽഎയായിരുന്ന സര്‍വത് കരീം അന്‍സാരിയുടെ മരണത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മാംഗ്ലൂർ. ഇവിടെ ഖാസി നിസാമുദ്ദീനാണ് കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. കര്‍താര്‍ സിംഗ് ഭദാനയെയാണ് ബിജെപി സ്ഥാനാർത്ഥി.
ഹിമാചൽ പ്രദേശിൽ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ഡെഹ്റ, ഹാമിര്‍പൂര്‍, നലാഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലേയും സ്വതന്ത്ര എംഎൽഎമാരായ
ഹോഷിയാർ സിങ്ങ്, ആശിഷ് ശർമ്മ, കെഎൽ ഠാക്കൂർ എന്നിവർ ബി ജെ പിയിലേക്ക് ചേക്കേറിയതോടെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ കോൺഗ്രസിനെ പിന്തുണച്ച ഇവർ രാജ്യസഭ തിരഞ്ഞെടുപ്പോടെയായിരുന്നു കാലുമാറി ബി ജെ പിയിലെത്തിയത്.
പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ജലന്ദർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥിയായ മെഹീന്ദർ ഭാഗത്തിനാണ് മുന്നേറ്റം. ഏകദേശം 11,000ത്തോളം വോട്ടുകളുടെ ലീഡാണ് മൊഹീന്ദറിന് ഉള്ളത്.എഎപി എംഎല്‍എ ശീതള്‍ അംഗുറല്‍ രാജിവെച്ച് ബി ജെ പിയിൽ ചേർന്നതോടെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
തമിഴ്നാട്ടിൽ വിക്രവണ്ടി സീറ്റിൽ 6000ത്തോളം വോട്ടുകളുടെ ലീഡുമായി ഡിഎംകെ സ്ഥാനാർത്ഥി അന്നിയൂർ ശിവയാണ് മുന്നേറുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്.ഡിഎംകെയും എൻഡിഎയുടെ ഘടകക്ഷിയായ അൻപുമണി രാംദാസിന്റെ പിഎംകെയും എൻടികെയും തമ്മിലായിരുന്നു പോരാട്ടം.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ അമർവാര സീറ്റിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ബിജെപി സ്ഥാനാർത്ഥി വലിയ മുന്നേറ്റമാണ് ഇവിടെ കാഴ്ചവെയ്ക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായ കമലേഷ് ഷായാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് എം എൽ എ ആയിരുന്ന കമലേഷ് ബി ജെ പിയിലേക്ക് ചേക്കോറിയതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ധീരൻ ഷാ ഇൻവതിയാണ് കമലേഷിനെ നേരിട്ടത്.
ബിഹാറിലെ റുപൗലിയിൽ ജെ ഡി യു സ്ഥാനാർത്ഥി കലാധര്‍ മണ്ഡലാണ് മുന്നേറുന്നത്. ജെഡിയു എംഎൽഎയായിരുന്ന ബിമ ഭാരതി ആർജെഡിയിലേക്ക് പോയതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ബിമ തന്നെയാണ് ആർ ജെ ഡിക്ക് വേണ്ടി മത്സരിക്കുന്നത്.












Click it and Unblock the Notifications