ഉപതിരഞ്ഞെടുപ്പ് ഫലം;തമിഴ്‌നാട്ടിലെ രണ്ട് സീറ്റിലും ടിവികെ മുന്നേറ്റം,ബംഗളിലും അസമിലും ബിജെപി
ഡൽഹി: നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടണ്ണെൽ പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിൽ വിജയിയുടെ ടിവികെയ്ക്ക് മുന്നേറ്റം. മധുരാന്തകം , ധാരാപുരം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണിത്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ച കെ മരഗതമണി കുമാരവേലും പി സത്യഭാമയും രാജിവെച്ച് ടിവികെയിലേക്ക് പോയതോടെയാണ് മധുരാന്തകത്തും ധാരാപുരയിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇരുവരും തന്നെയാണ് ഇത്തവണ ടിവികെയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയത്.

ഉപതിരഞ്ഞെടുപ്പുകളിൽ എന്നും ഭരണകക്ഷിക്ക് അനുകൂലമായ വിധിയെഴുത്താണ് ധാരാപുരത്ത് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ടിവികെ ഇവിടെ വലിയ പ്രതീക്ഷയിലാണ്. അതേസമയം മണ്ഡലം നിലനിർത്താനുള്ള ഉറച്ച പോരാട്ടത്തിലാണ് എഐഎഡിഎംകെ. കെ ഭാനുമതിയെ ആണ് എഐഎഡിഎംകെ ഇക്കുറി മത്സരിപ്പിച്ചത്. ഡിഎംകെയ്ക്കും ഇവിടെ നിർണായകമാണ്. 2021ൽ എഐഡിഎംകെയെ പരാജയപ്പെടുത്തി ഡിഎംകെ പിടിച്ച മണ്ഡലമാണിത്. 2026 ലെ പോരാട്ടത്തിൽ ഡിഎംകെ രണ്ടാം സ്ഥാനമായിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡിഎംകെ പോരാട്ടത്തിനിറങ്ങിയത്.
അതേസമയം മധുരാന്തകവും 2026 ൽ ഡിഎംകെയിൽ നിന്നും എഐഎഡിഎംകെ പിടിച്ചെടുത്ത മണ്ഡലമാണ്. എസ് കനിത സമ്പത്ത് ആണ് മധുരാന്തകത്തിൽ എഐഎഡിഎംകെ സ്ഥാനാർത്ഥി. മുൻ എഗ്മോർ എംഎൽഎ ഐ പരന്തമൻ ആണ് ഇവിടെ ഡിഎംകെയ്ക്ക് വേണ്ടി പോരിനിറങ്ങിയത്. ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയിയുടെ ടിവികെയ്ക്ക് വിജയിക്കാനായാൽ അത് വിജയിയുടെ ജനപ്രീതി ഉയർത്തും.
അതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയാണ് മുന്നേറുന്നത്. ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ എന്നീ നിയമസഭ സീറ്റുകളിലും അസമിൽ നാഗോണ്‍ ലോക്സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന പതുച്ചേരിയിൽ എൻഡിഎ സഖ്യകക്ഷിയായ എഐഎൻആർസിയാണ് ലീഡ് ചെയ്യുന്നത്.
ബംഗാളിൽ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി ഒഴിഞ്ഞതോടെയാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വളരെ വലിയ നാടകീയ നീക്കങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിൽ അരങ്ങേറിയത്.
അടുത്തിടെ കൊല്ലപ്പെട്ട സുവേന്ദുവിൻ്റെ സഹായിയായ ചന്ദ്രനാഥ് രഥിൻ്റെ അമ്മ ഹസിറാണിയെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്. തൃണമൂൽ ആകട്ടെ ആദ്യം സഞ്ചിത പ്രധാൻ ഡേയെ സ്ഥാനാർത്ഥിയാക്കി. എന്നാൽ പിന്നീട് ഈ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം മുന്‍ ടിഎംസി നേതാവും ആം ജനത ഉന്നയന്‍ പാര്‍ട്ടി തലവനുമായ ഹുമയൂണ്‍ കബീര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെയാണ് റെജിനഗര്‍ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അവസാനം കുറിച്ച് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭ ഉപതിരഞ്ഞെടുപ്പാണ് ബംഗാളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കും തൃണമൂലിനും തിരഞ്ഞെടുപ്പ് ഒരുപോലെ നിർണായകമാണ്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസമിലെ നാഗോണ്‍ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പ്രദ്യുത് ബോര്‍ദോലോയി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.


Click it and Unblock the Notifications
