മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളും ബിജെപിക്ക് നിർണ്ണായകം!പരാജയപ്പെട്ടാൽ കാത്തിരിക്കുന്നത് വൻ തിരിച്ചടി
പാൽഘറിൽ വിജയം കൈവരിച്ചാൽ കൂടുതൽ സീറ്റുകൾ ചോദിച്ചുവാങ്ങി ശക്തി വർദ്ധിപ്പിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.
മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലെയും ജനവിധി ബിജെപിക്ക് നിർണ്ണായകം. വ്യാഴാഴ്ച വോട്ടെണ്ണൽ നടക്കുന്ന പാൽഘർ, ഭണ്ഡാര-ഗോണ്ടിയ ലോക്സഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ബിജെപി സംസ്ഥാന-ദേശീയ നേതാക്കൾ ഉറ്റുനോക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന പാൽഘർ ലോക്സഭ മണ്ഡലത്തിൽ ബിജെപിയും ശിവസേനയും തമ്മിലായിരുന്നു മത്സരം.
സംസ്ഥാനത്തിനകത്തും കേന്ദ്രത്തിലും ഒരു മുന്നണിയിലാണെങ്കിലും പാൽഘറിലെ രാഷ്ട്രീയ സാഹചര്യം കാരണം ശിവസേനയും ബിജെപിയും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. പാൽഘറിൽ പരാജയപ്പെട്ടാൽ മുന്നണിക്കകത്തും ബിജെപിക്ക് ക്ഷീണമാകും. പാൽഘറിൽ വിജയിച്ചാൽ ബിജെപിയുമായി കൂടുതൽ വിലപേശൽ നടത്താമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടൽ. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ശിവസേന കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാൽഘറിൽ വിജയം കൈവരിച്ചാൽ കൂടുതൽ സീറ്റുകൾ ചോദിച്ചുവാങ്ങി ശക്തി വർദ്ധിപ്പിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.

മഹാരാഷ്ട്രയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടാമത്തെ ലോക്സഭ മണ്ഡലമാണ് ഭണ്ഢാര-ഗോണ്ടിയ. എൻസിപിയും ബിജെപിയും തമ്മിലായിരുന്നു ഇവിടെ മത്സരം. കോൺഗ്രസ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളും പിന്തുണ നൽകിയത്എൻസിപി സ്ഥാനാർത്ഥിക്കായിരുന്നു. ഉത്തർപ്രദേശിലെ കൈരാനയിലേതിന് സമാനമായി പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ഒരുമിച്ചുനിന്ന ഗോണ്ടിയ മണ്ഡലത്തിലെയും ഫലം എന്തായിരിക്കുമെന്ന് ബിജെപി നേതാക്കൾക്ക് ആശങ്കയുണ്ട്. മഹാരാഷ്ട്രയിലെ ഇരു മണ്ഡലങ്ങളും നഷ്ടപ്പെട്ടാൽ സംസ്ഥാന രാഷ്ട്രീയത്തിലും, ദേശീയ രാഷ്ട്രീയത്തിലും ബിജെപിക്ക് കനത്ത തിരിച്ചടിയാവും.












Click it and Unblock the Notifications