ഗുജറാത്തിലും ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്വപ്നം തകർത്ത് എഎപി; ഒന്നില്‍ വീതം വിജയം
ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ രണ്ട് നിയമസഭ മണ്ഡങ്ങളില്‍ ഓരോന്നില്‍ വീതം വിജയം നേടി ബി ജെ പിയും എ എ പിയും. കാഡി, വിസാവദർ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കാഡിയില്‍ ബി ജെ പിയും വിസാവദറില്‍ എ എ പിയും വിജയിച്ചു. രണ്ടും അതത് പാർട്ടികളുടെ സിറ്റിങ് സീറ്റാണെങ്കിലും വിസാവദറിലെ എ എ പി അംഗമായിരുന്ന ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവെച്ച് ബി ജെ പിയില്‍ ചേർന്നതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.
കാഡി സീറ്റിൽ 39452 വോട്ടിന്റെ വിജയമാണ് ബി ജെ പി സ്ഥാനാർത്ഥി രാജേന്ദ്ര ചാവ്ഡ നേടിയത്. ബി ജെ പിക്ക ആകെ 99742 വോട്ടുകൾ ലഭിച്ചപ്പോള്‍ 60290 വോട്ടുകളുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമേഷ് ഭായി ചാവ്ഡ രണ്ടാമതും 3090 വോട്ടുകൾ മാത്രം നേടിയ ആം ആദ്മി പാർട്ടിയുടെ ജഗദീഷ് ചവ്ദ മൂന്നാം സ്ഥാനത്തുമെത്തി. ബി ജെ പി അംഗമായിരുന്ന കർഷൻ സോളങ്കിയുടെ മരണത്തെ തുടർന്നാണ് ഈ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത.

സംവരണ മണ്ഡലമായ കാഡി പരമ്പരാഗതമായി ബി ജെ പി ശക്തികേന്ദ്രമാണ്. എന്നിരുന്നാലും രണ്ട് തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസും വിജയിച്ചിട്ടുണ്ട്. 2017 ല്‍ കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം പിടിച്ചെടുത്ത ബി ജെ പി 2022 ലും വിജയം തുടരുകയായിരുന്നു. ഇത്തവണ ബി ജെ പിയോട് തോറ്റ ഭായി ചാവ്ഡ 2012 ല്‍ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലത്തില്‍ നിന്നും വിജയിച്ച സ്ഥാനാർത്ഥിയാണ്.
2022 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നാണ് എ എ പി വിസാവദർ സീറ്റ് പിടിച്ചെടുക്കുന്നത്. മണ്ഡലത്തിലെ എ എ പിയുടെ ആദ്യം വിജയം കൂടിയായിരുന്നു ഇത്. എ എ പിക്ക് വേണ്ടി മത്സരിച്ച ഭൂപേന്ദ്രഭായ് കേവലം 7063 വോട്ടുകള്‍ക്കായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സിറ്റിങ് എം എല്‍ എ കൂറുമാറിയെത്തിയ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കാമെന്നായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ. അത് തകർത്തുകൊണ്ടാണ് എ എ പി സീറ്റ് നിലനിർത്തിയിരിക്കുന്നത്.
എ എ പിക്ക് വേണ്ടി മത്സരിച്ച ഗോപാല്‍ ഇറ്റാലിയ 17554 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി ജെ പി സ്ഥാനാർത്ഥി കൃതി പട്ടേലിനെതിരെ വിജയിച്ചിരിക്കുന്നത്. എ എ പി 75942 വോട്ടും ബി ജെ പി 58388 വോട്ടും നേടി. അതേസമയം കഴിഞ്ഞ തവണ 16963 വോട്ട് നേടിയ കോണ്‍ഗ്രസിന് ഇത്തവണ നേടാനായത് മൂവായിരത്തില്‍പരം വോട്ടുകള്‍ മാത്രമാണ്.


Click it and Unblock the Notifications