ഉപതിരഞ്ഞെടുപ്പ്: നരേന്ദ്രമോദിക്ക് മറ്റൊരു അഗ്നിപരീക്ഷ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് ഗോദയില്‍ വീണ്ടും അഗ്നിപരീക്ഷ. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന രണ്ടാമത്തെ വലിയ ഉപതിരഞ്ഞെടുപ്പാണ് ശനിയാഴ്ച. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് തട്ടിക്കൂട്ടിയെടുത്ത വിശാല സഖ്യത്തിന് മുന്നില്‍ തലകുനിച്ച മോദിക്കും ബി ജെ പിക്കും മറ്റൊരു തോല്‍വി കൂടി സഹിക്കാനാവില്ല. ബിഹാര്‍, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി കിട്ടിയത്.
ശനിയാഴ്ച 3 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 33 അസംബ്ലി സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്ര മോദി രാജിവെച്ച വഡോദര, മുലായം സിംഗ് യാദവ് ഒഴിഞ്ഞ മെയിന്‍പുരി, കെ ചന്ദ്രശേഖര റാവുവിന്റെ മേദക് ലോക്‌സഭ സീറ്റുകളിലേക്കാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വഡോദര സീറ്റ് ബി ജെ പിയുടെ കുത്തക സീറ്റാണ്. വഡോദര ഡെപ്യൂട്ടി മേയര്‍ രഞ്ജന്‍ ബെന്‍ ബട്ടയാണ് മോദി രാജിവെച്ച സീറ്റില്‍ മത്സരിക്കുന്നത്.

ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, സിക്കിം, ത്രിപുര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായി 33 അസംബ്ലി മണ്ഡലങ്ങള്‍ നാളെ വോട്ട് രേഖപ്പെടുത്തും. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ 9 നിയമസഭാ സീറ്റുകളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ആസാമില്‍ മൂന്നും പശ്ചിമ ബംഗാളില്‍ രണ്ടും മറ്റിടങ്ങളില്‍ ഓരോ സീറ്റിലും വോട്ടെടുപ്പ് നടക്കും.
ആദ്യഘട്ട ഉപതിരഞ്ഞെടുപ്പിന് ശേഷം, മോദി തരംഗം തീര്‍ന്നു എന്ന് പറഞ്ഞ പ്രതിപക്ഷത്തിന് ഒരു തിരിച്ചടി നല്‍കാനായിരിക്കും ബി ജെ പിയുടെ ശ്രമം. ബിഹാറില്‍ ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഒരുമിച്ച് കൂട്ടിയാണ് കോണ്‍ഗ്രസ് വിശാല മതേതര സഖ്യം എന്ന് പേരിട്ട കൂട്ടായ്മയിലൂടെ ബി ജെ പിയെ പ്രതിരോധിച്ചത്. അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന 33 മണ്ഡലങ്ങളില്‍ ഗുജറാത്തിലും ഛത്തീസ്ഗഡിലും മാത്രമാണ് എടുത്തുപറയത്തക്ക മേല്‍ക്കൈയുള്ളത്. സെപ്റ്റംബര്‍ 16 നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications