സിഎഎ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്രം; ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം. യോഗ്യരായ അപേക്ഷകർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ indiancitizenshiponline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. നേരത്തെ ആഭ്യന്തരമന്ത്രാലയം അപേക്ഷകർക്കായി ഒരു പോർട്ടൽ അവതരിപ്പിച്ചിരുന്നു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, പാഴ്സി. ജൈന, ബുദ്ധ,ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് ഈ നിയമം. 2019 ൽ ആയിരുന്നു ബിൽ പാർലമെന്റിൽ പാസാക്കിയത്.

2019 ഡിസംബർ 12 ന് രാഷ്ട്രപതി അംഗീകാരം നൽകി. ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയിൽ നിരവധി തവണ ആഭ്യന്തര മന്ത്രാലയം സാവകാശം തേടിയിരുന്നു, പാർലമെന്റ് നിയമം പാസാക്കി ആറ് മാസത്തിനകം ചട്ടങ്ങൾ തയ്യാറാക്കണം എന്നാണ് വ്യവസ്ഥ.
തിങ്കളാഴ്ച വൈകിട്ടോടെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്തി നിലവിൽ വന്നത്. നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. ബി ജെ പിയുടെ 2019 ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.
അതേ സമയം കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. 1955ലെ പൗരത്വ നിയമമാണ് 2019ൽ ഭേദഗതി ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ.
അതേ സമയം സി എ എ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരാക്കുന്ന നിയമമാണ ഇതെന്നും ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സി എ എയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കേരളവും തമിഴ്നാടും ബംഗാളും എതിത്താലും സി എ എ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. സി എ എ ഒരിക്കലും പിൻവലിക്കില്ല. രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പ് വരുത്തുക എന്നതിനുള്ള പരമാധികാരം തങ്ങൾക്കാണ് അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications