മംഗലാപുരത്ത് പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ്, 2 പേർ കൊല്ലപ്പെട്ടു, യുപിയിൽ ഒരു മരണം
മംഗലാപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 2 പേർ കൊല്ലപ്പെട്ടു. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേ സമയം റബർ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇന്നലെ മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ വകവയ്ക്കാതെ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങിയത്. കമ്മീഷണർ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് കലാശിച്ചത്.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റബർ ബുളളറ്റ് ഉപയോഗിച്ച് വെടിവെച്ചത്. മംഗലാപുരത്തെ 5 പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേയ്ക്ക് കൂടി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു,
ഇതിനിടെ ലഖ്നോവിൽ നടന്ന പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്, പോലീസ് വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ലഖ്നോവിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നിരവധി വാഹനങ്ങളാണ് തീയിച്ച് നശിപ്പിച്ചത്. അതേ സമയം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications