
പൗരത്വ പ്രക്ഷോഭകരുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കണം; യോഗിയോട് സുപ്രീംകോടതി
ന്യൂദല്‍ഹി: 2019 ലെ പൗരത്വ വിരുദ്ധ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. പൊതുമുതല്‍ നശിപ്പിച്ചതിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകളിലൂടെ നടത്തിയ എല്ലാ സ്വത്ത് പിടിച്ചെടുക്കലും തിരികെ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പിന്‍വലിച്ചില്ലെങ്കില്‍ നോട്ടീസ് കോടതി റദ്ദാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്കി. റിക്കവറി നോട്ടീസ് ലഭിച്ച പര്വാരിസ് ആരിഫ് ടിറ്റു നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടപെടല്‍. വിചാരണയും വിധി പുറപ്പെടുവിക്കലും സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കാന്‍ തുടങ്ങിയോ എന്നും ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് കോടതി ചോദിച്ചു.
അതേസമയം പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകര്‍ക്കെതിരെ ആരംഭിച്ച 274 റിക്കവറി നോട്ടീസ് നടപടികളും പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍ നോട്ടീസ് പിന്‍വലിച്ചാല്‍ നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച പറഞ്ഞു. ''നിയമത്തിന് വിരുദ്ധമായി ഒരു പിടിച്ചെടുക്കല്‍ നടത്തുകയും എന്നാല്‍ ഉത്തരവുകള്‍ പിന്‍വലിച്ചിട്ടും പിടിച്ചെടുക്കല്‍ നടപടികള്‍ എങ്ങനെയാണ് തുടരാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. അതേസമയം റിക്കവറി കോടിക്കണക്കിന് രൂപയായതിനാല്‍ റീഫണ്ട് ചെയ്യാനുള്ള ഉത്തരവ് പാസാക്കരുതെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. 2020ല്‍ വിജ്ഞാപനം ചെയ്ത പുതിയ നിയമപ്രകാരം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം ട്രിബ്യൂണലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും നേരത്തെ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റുകളുടെ (എ ഡി എം) നേതൃത്വത്തിലായിരുന്നുവെന്നും യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദ് പറഞ്ഞു.

എന്നാല്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഈ അഭ്യര്‍ത്ഥന മാനിക്കാതെ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2019 ഡിസംബര്‍ 21-നാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ പണം നല്‍കേണ്ടിവരുമെന്ന് 2019 ഡിസംബര്‍ 19-ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ''വീഡിയോ ദൃശ്യങ്ങളിലൂടെ നിരവധി മുഖങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ ഞങ്ങള്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിന് പിന്നാലെയാണ് റിക്കവറി നോട്ടീസുകള്‍ പുറത്തിറക്കിയത്. റിക്കവറി നോട്ടീസുകള്‍ക്ക് പുറമേ, കലാപകാരികളെന്ന് ആരോപിക്കപ്പെടുന്ന പോസ്റ്ററുകളും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്. അതേസമയം ഉത്തരവ് പിന്‍വലിക്കാമെന്നും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന ട്രിബ്യുണലുകള്‍ ആകും ഇനി തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, 833 പേര് പ്രതികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപവത്കരിക്കുന്ന ക്ലയിം ട്രിബ്യുണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി 2009 ലും 2018 ലും പുറപ്പടുവിച്ച രണ്ട് വിധികളില്‍ പറഞ്ഞിരുന്നു. ഇത് പാലിക്കാതെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നിയമിച്ചത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.