പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം
ദില്ലി: വിവാദമായ പൗരത്വ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. പലയിടത്തും അക്രമം റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും മുസ്ലിം സംഘടനകളുടെയും വിദ്യാര്‍ഥികളുടെയും പ്രകടനം നടന്നു.
അതിനിടെയാണ് പ്രമുഖ നടന്‍ രവി ശര്‍മ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയാണ് പ്രഖ്യാപിച്ചത്. ബില്ല് നിയമമായാല്‍ താന്‍ മുസ്ലിമായി പ്രഖ്യാപിക്കുമെന്ന് കോളമിസ്റ്റ് ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ പാസാകുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുക കൂടി ചെയ്താല്‍ പുതിയ നിയമമാകും. വിശദാംശങ്ങള്‍....

രാജിവച്ച് പ്രതിഷേധം
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് രവി ശര്‍മ ബിജെപിയില്‍ നിന്ന് രാജിവച്ചത്. അസമിലെ പ്രമുഖ നടനും ഗായകനുമാണ് ഇദ്ദേഹം. മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ പങ്കാളിയാകുമെന്നും രവി ശര്‍മ പറഞ്ഞു.

രവി ശര്‍മയുടെ വാക്കുകള്‍
ആദ്യമായി താന്‍ ഒരു കലാകാരനാണ്. രാഷ്ട്രീയം രണ്ടാമതാണ്. അസമിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ തീരുമാനം എടുത്തത്. ഒരു കാരണവശാലും താന്‍ ബില്ലിനെ അനുകൂലിക്കില്ല. കുടിയേറ്റക്കാര്‍ മൂലം ഒട്ടേറെ സഹിക്കുന്നുണ്ട് അസമിലെ ജനങ്ങള്‍. ബില്ല് പിന്‍വലിക്കണമെന്നും രവി ശര്‍മ ആവശ്യപ്പെട്ടു.

മറ്റൊരു നടനും ബില്ലിനെതിരെ
അസമിലെ മറ്റൊരു നടനും അസം സിനിമാ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ജിതിന്‍ ബോറ പൗരത്വ ബില്ലിനെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമൊപ്പം സമരത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍
പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായാല്‍ താന്‍ മുസ്ലിമാകുമെന്ന് എഴുത്തുകാരന്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ഐസയുടെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. മുസ്ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്ല്.

ഹര്‍ഷ് മന്ദറിന്റെ വാക്കുകള്‍
പൗരത്വ ബില്ല് പാസായാല്‍ ഞാന്‍ മുസ്ലിമായി പ്രഖ്യാപിക്കും. തിരിച്ചറിയല്‍ തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കില്ല. ഏതെങ്കിലും മുസ്ലിമിനെ സര്‍ക്കാര്‍ ജയിലിലടച്ചാല്‍ ഞാനും അതിലൊരാളാകുമെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം ജെഎന്‍യു ഗവേഷകന്‍ കെഎം അന്‍സില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബില്ല് ബുധനാഴ്ച രാജ്യസഭയില്‍
അതേസമയം, പൗരത്വ ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ ബില്ല് നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ പ്രതിഷേധിച്ച് ബന്ദ് ആചരിക്കുകയാണ്. പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാജ്യസഭയില്‍ ബില്ല് പാസാകുമോ
രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ല. പ്രാദേശിക പാര്‍ട്ടികളുടെ സഹകരണത്തോടെ ബില്ല് പാസാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രാദേശിക പാര്‍ട്ടികളുമായി ബിജെപി നേതാക്കള്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി പിന്തുണ ഉറപ്പിച്ചുവെന്നാണ് വിവരം.

ബിജെപിക്ക് പ്രതീക്ഷ
ആന്ധ്രയിലെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷയിലെ ബിജെഡിയും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ശിവസേനയും ബില്ലിന് അനുകൂലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തെലങ്കാനയിലെ ടിആര്‍എസ്, തമിഴ്‌നാട്ടിലെ എഐഎഡിഎംകെ എന്നിവരിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

വിട്ടുനിന്ന് സഹായിക്കും
അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവര്‍ക്ക് മുസ്ലിം വോട്ട് ബാങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കിലും സഭയില്‍ നിന്ന് വിട്ടുനിന്ന് അവര്‍ ബിജെപിയെ സഹായിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു
ബില്ല് ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയ ആഭ്യന്തര മന്ത്രി അമിത് ഷായെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബില്ല് ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മികതയ്ക്ക് അനുസൃതമായിട്ടാണെന്നും മോദി പറഞ്ഞു.

ഇതാണ് ബില്ല്
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതിനാണ് പുതിയ ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.












Click it and Unblock the Notifications