എസ്ബിഐ -അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി
ദില്ലി: എസ്ബിടി ഉള്‍പ്പടെയുള്ള ആറ് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിയ്ക്കുന്നതിന് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നീ അസോസിയേറ്റഡ് ബാങ്കുകളെയാണ് എസ്ബിഐയില്‍ ലയിപ്പിയ്ക്കുന്നത്.
ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ളവമ്പന്‍ ബാങ്കായി എസ്ബിഐ മാറും. 22500 ശാഖകളും, 58,000 എടിഎമ്മുകളുമുണ്ടാകും. ബാങ്കിന്റെ അടിത്തറ ശക്തമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ലയനത്തോടെ എസ്ബിഐയുടെ ബാലന്‍സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവില്‍ ഇത് 28 ലക്ഷം കോടി രൂപയാണ്.

ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത പട്യാല, ഹൈദരാബാദ് ബാങ്കുകളാകും ആദ്യം എസ്ബിഐയില്‍ ലയിപ്പിയ്ക്കുക.
2008 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. ലയനത്തെ ആശങ്കയോടെയാണ് അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും കാണുന്നത്. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70,000ത്തോളം ജീവനക്കാരാണ് ഉള്ളത്. മാതൃബാങ്കില്‍ ലയിക്കുന്നതോടെ പലരുടേയും സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ശമ്പളഘടന അനൂകൂലമാകുമോ എന്ന കാര്യത്തിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്.
നിലവില്‍ ആറ് ബാങ്കുകളിലും പ്രത്യേകം ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുകളും എച്ച്.ആര്‍ വിഭാഗവുമൊക്കെയുണ്ട്. ലയനത്തോടെ ഇത് ഒന്നാക്കി ചുരുക്കാനാകും. അടുത്തടുത്തുള്ള ശാഖകള്‍ ലയിപ്പിയ്ക്കുമെന്ന കാര്യത്തിലും സംശയമില്ല.












Click it and Unblock the Notifications