കോള്‍ സെന്റര്‍ തട്ടിപ്പ്; മുഖ്യപ്രതി ഓഡി കാര്‍ വാങ്ങിയത് വിരാട് കോലിയില്‍ നിന്നും
മാര്‍ക്കറ്റില്‍ 3 കോടി രൂപ വിലവരുന്ന കാറാണ് 2.5 കോടി രൂപയ്ക്ക് താക്കറിന് ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മുംബൈ: അമേരിക്കക്കാരുടെ 500 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി ഓഡി കാര്‍ വാങ്ങിയത് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയില്‍ നിന്നും. 2.5 കോടി രൂപ മുടക്കിയാണ് താനെയിലെ കോള്‍ സെന്റര്‍ നടത്തിപ്പുകാരനായ സാഗര്‍ താക്കര്‍ കോലിയില്‍ നിന്നും കാര്‍ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
പ്രതിയുടെ ഓഡി R8 കാര്‍ അന്വേഷണസംഘം കണ്ടെടുത്തു. താക്കര്‍ ഓഡി കാര്‍ വാങ്ങിയത് കോലിയില്‍ നിന്നാണെന്ന് താനെ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് അറിയിച്ചു. എന്നാല്‍ കോലിക്ക് പ്രതിയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നു. മാര്‍ക്കറ്റില്‍ 3 കോടി രൂപ വിലവരുന്ന കാറാണ് 2.5 കോടി രൂപയ്ക്ക് താക്കറിന് ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2016 മെയ് 7നാണ് കാര്‍ വാങ്ങിയത്. ഇതിനുശേഷം താക്കര്‍ തന്റെ കാമുകിക്ക് കാര്‍ പിറന്നാള്‍ സമ്മാനമായി നല്‍കുകയായിരുന്നു. കാമുകിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. കോടികള്‍ വെട്ടിച്ച കേസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുതന്നെ താക്കറും സഹോദരിയും ഇന്ത്യ വിട്ടിരുന്നു. ഇവര്‍ ദുബായിലാണെന്നാണ് പോലീസിന് ലഭിച്ച സൂചന.
കോള്‍ സെന്റര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രതികള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വ്യാജേന അമേരിക്കക്കാരെ ബന്ധപ്പെടുകയും ഇവരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തായിരുന്നു പ്രതികള്‍ തടപ്പ് നടത്തിയത്. തട്ടിപ്പിലൂടെ നേടിയ പണം പിന്നീട് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുകയായിരുന്നു. പ്രതികള്‍ക്കുവേണ്ടി എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications