ഒരൊറ്റ ക്ലിക്കിൽ നിങ്ങളുടെ വാഹനം കേടാകും; ഈ ചൈനീസ് ആപ്പ് വഴിയുള്ള തട്ടിപ്പ് അറിയാതെ പോകരുത്
പെട്രോൾ-ഡീസൽ വില സർവ്വകാല റെക്കോഡുകൾ ഭേദിച്ച് ഉയരുന്നത് കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ റോഡുകളിൽ സജീവമാവുകയാണ്. സഞ്ചരിക്കാൻ ചിലവ് വളരെ കുറവാണ് എന്നതാണ് പ്രധാന നേട്ടം. എന്നാൽ ഇവി ഉടമകളെ ആശങ്കപ്പെടുത്തുന്ന ഒരു പുതിയ തട്ടിപ്പ് രീതിയാണ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകളും ഇവി സ്കൂട്ടറുകളും പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഓഫായി വഴിയിൽ കിടക്കുന്നു. പിന്നാലെ സാങ്കേതിക വിദഗ്ദ്ധരെന്ന വ്യാജേന എത്തുന്ന ചിലർ, തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് മിനിറ്റുകൾക്കകം വണ്ടി റെഡിയാക്കി തരാമെന്ന് പറഞ്ഞ് 200 മുതൽ 500 രൂപ വരെ വാങ്ങുന്നു.
യഥാർത്ഥത്തിൽ വണ്ടിക്ക് യാതൊരു തകരാറും ഉണ്ടായിട്ടല്ല ഇങ്ങനെയ സംഭവിക്കുന്നത്. മറിച്ച്, വണ്ടിയിലുള്ള ബാറ്ററിയുടെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് ഒരു സാധാരണ ചൈനീസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് വണ്ടിയുടെ പവർ ദൂരെ ഇരുന്ന് കട്ട് ചെയ്യുന്നതാണ് ഈ തട്ടിപ്പ്. ഡൽഹി, ഉജ്ജൈൻ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഈ തട്ടിപ്പ് വ്യാപകമായിക്കഴിഞ്ഞു. ഒരു പട്ടാളക്കാരൻ തന്റെ ഇവി സ്കൂട്ടർ ഇത്തരത്തിൽ പെട്ടെന്ന് ഓഫായതിനെ തുടർന്ന് തള്ളി നീക്കുന്ന വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് 'BAT-BMS' പോലുള്ള ചൈനീസ് ആപ്പുകൾക്ക് നമ്മുടെ ഇവി വണ്ടികളെ റിമോട്ടായി പൂട്ടാൻ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നത്.
എന്താണ് ഈ BAT-BMS ആപ്പ്?
ചൈനീസ് കമ്പനിയായ 'ഷെൻഷെൻ ഗ്രീനെർജി ടെക്നോളജി' വികസിപ്പിച്ചെടുത്ത ഒരു ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം മോണിറ്ററിങ് ആപ്പാണ് BAT-BMS. ഇ-റിക്ഷകളിലും ചില ഇലക്ട്രിക് സ്കൂട്ടറുകളിലും ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ വോൾട്ടേജ്, ചാർജ്ജ്, താപനില, ബാറ്ററിയുടെ ആരോഗ്യം എന്നിവ ഉടമസ്ഥർക്ക് മൊബൈലിലൂടെ നിരീക്ഷിക്കാൻ വേണ്ടിയാണ് ഈ ആപ്പ് നിർമ്മിച്ചത്. എന്നാൽ ഇതിന്റെ ബ്ലൂടൂത്ത് കണക്ഷനുകൾക്ക് കൃത്യമായ പാസ്‌വേഡോ സുരക്ഷയോ നൽകാത്ത വണ്ടികളിൽ, ആർക്കും ഈ ആപ്പ് വഴി ബാറ്ററിയുടെ പവർ വിച്ഛേദിക്കാൻ സാധിക്കും എന്നതാണ് ഇപ്പോഴത്തെ വില്ലൻ.

ആപ്പുകൾക്ക് ഇവി കാറുകളും ബൈക്കുകളും ഓഫാക്കാൻ പറ്റുമോ?
സാങ്കേതികമായി പറഞ്ഞാൽ, നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവുമായി ഈ ചൈനീസ് ആപ്പ് പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുകയും അതിന് ക്ലൗഡ് അധിഷ്ഠിതമായ നിയന്ത്രണങ്ങൾ ഉണ്ടാവുകയും ചെയ്താൽ, വണ്ടിയുടെ പെർഫോമൻസ് കുറയ്ക്കാനോ ചില ഫീച്ചറുകൾ ലോക്ക് ചെയ്യാനോ സാധിക്കും. പല ആധുനിക ഇവി കാറുകളിലും ദൂരെയിരുന്ന് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനും വണ്ടി ലോക്ക് ചെയ്യാനുമുള്ള സംവിധാനമുണ്ട്. എന്നാൽ വിപണിയിലുള്ള എല്ലാ ഇവി വണ്ടികളും ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ പറ്റില്ല. വാഹനത്തിന്റെ സോഫ്റ്റ്‌വെയർ സുരക്ഷ എത്രത്തോളമുണ്ടെന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. നിലവിൽ കുറഞ്ഞ സുരക്ഷയുള്ള ഇ-റിക്ഷകളും ചില ഇവി ടൂവീലറുകളുമാണ് ഈ ബ്ലൂടൂത്ത് തട്ടിപ്പിന് ഇരയായിട്ടുള്ളത്.
എങ്ങനെ ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാം?
നിങ്ങളുടെ ഇലക്ട്രിക് വാഹനം സുരക്ഷിതമായി സൂക്ഷിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കാവുന്നതാണ്.
ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക: വണ്ടി വാങ്ങിയ കമ്പനി നൽകുന്ന ഒഫീഷ്യൽ ആപ്പുകൾ മാത്രം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യുക. മറ്റ് തേർഡ് പാർട്ടി ചൈനീസ് ആപ്പുകൾക്ക് വണ്ടിയുമായി കണക്ട് ചെയ്യാൻ അനുവാദം നൽകരുത്.
സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക: വണ്ടിയുടെ ഫേംവെയറും മൊബൈൽ ആപ്പും എപ്പോഴും കൃത്യമായി അപ്ഡേറ്റ് ചെയ്യുക. പുതിയ സെക്യൂരിറ്റി പാച്ചുകൾ വരുന്നത് വഴി ഹാക്കിങ് തടയാം.
ശക്തമായ പാസ്‌വേഡ്: നിങ്ങളുടെ ഇവി അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡുകൾ നൽകുകയും ടൂ-ഫാക്ടർ ഓതന്റിക്കേഷൻ ലഭ്യമാണെങ്കിൽ അത് ഓൺ ചെയ്തു വെക്കുകയും ചെയ്യുക.
ആവശ്യമില്ലാത്ത ഫീച്ചറുകൾ ഓഫാക്കുക: ബ്ലൂടൂത്ത് വഴിയോ ഇന്റർനെറ്റ് വഴിയോ ഉള്ള റിമോട്ട് ആക്സസ് ഫീച്ചറുകൾ ആവശ്യമില്ലാത്തപ്പോൾ ഓഫാക്കി വെക്കുക. സൈബർ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന വിശ്വസ്തരായ ബ്രാൻഡുകളുടെ വാഹനങ്ങളും ബാറ്ററികളും തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.











Click it and Unblock the Notifications