പാകിസ്താനില്‍ എത്രയോ ക്ഷേത്രം തകര്‍ത്തു; രാമനവമി പാകിസ്താനില്‍ പോയി ആഘോഷിക്കാന്‍ പറ്റുമോ? കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ നിഷേധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 'ജിന്നയുടെ മാനസികാവസ്ഥയിലുള്ള ആളുകള്‍', 'ഒവൈസിയുടെ തരത്തിലുള്ള ആളുകളുമാണ് രാമനവമി ആഘോഷങ്ങള്‍ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ പോയപ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയതെന്നും ആരോപിച്ചു.
'ഈ രാജ്യത്തല്ലെങ്കില്‍ രാമനവമി ഘോഷയാത്രകള്‍ എവിടെ കൊണ്ടുപോകും? പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മറ്റ് രാജ്യങ്ങളിലും ഇത് അനീതിയാണ്,' ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രിയായ ഗിരിരാജ് സിംഗ് പറഞ്ഞു. 1947ലെ വിഭജനത്തിലൂടെ മതത്തിന്റെ പേരില്‍ പോകേണ്ടവരെല്ലാം പാകിസ്താനിലേക്ക് പലായനം ചെയ്തു. നമ്മുടെ രാജ്യത്ത് നമ്മുടെ മതപരമായ ആചാരങ്ങള്‍ ആഘോഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലെ 'ഗംഗ-ജമൂനി തഹ്‌സീബി'നെ (സമന്വയ സംസ്‌കാരം) തകര്‍ക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മധ്യസമതലങ്ങളില്‍ ഗംഗ, യമുന നദികളുടെ തീരത്തുണ്ടായിരുന്ന ദോവാബ് പ്രദേശത്തിന്റെ സംസ്‌കാരമായിരുന്നു ഗംഗ-ജമൂനി തഹ്‌സീബ് എന്ന് പറയുന്നത്. മുസ്ലിം-ഹിന്ദു മത സാംസ്‌കാരിക ഘടകങ്ങളുടെ സമന്വയങ്ങളുള്ള ഈ സംസ്‌കാരം ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തെ സൂചിപ്പിക്കുന്നു.
അസദുദ്ദീന്‍ ഉവൈസിയെ പോലുള്ള ആളുകള്‍ ഹിന്ദുപാതയെന്നും മുസ്ലിംപാതയെന്നും പൊതു പാതകളെ വേര്‍തിരിച്ചിരിക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രിചോദിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും എന്നാല്‍, പാകിസ്താനില്‍ എത്രയോ ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വര്‍ഗീയ കലാപങ്ങളിലൂടെ തങ്ങളുടെ ക്ഷമ നശിച്ചുവെന്നും തങ്ങളുടെ സഹിഷ്ണുത പരീക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം രാജ്യത്തെ മുസ്ലിം ജനസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. പ്രകോപനപരവും ധ്രുവീകരണപരവുമായ വര്‍ഗീയ പ്രസ്താവനകളുടെ പേരില്‍ പല തവണ വിവാദത്തില്‍ പെട്ടിട്ടുള്ള ആളാണ് ഗിരിരാജ് സിംഗ്.
അടുത്തിടെ വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ച കര്‍ണാടകയിലെ ഹുബ്ലിയിലും ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം പോലുള്ള സംഭവങ്ങളില്‍ ബീഹാറിലെ ബെഗുസാരായിയില്‍ നിന്നുള്ള എം പി കൂടിയായ ഗിരിരാജ് സിംഗ് രോഷം പ്രകടിപ്പിച്ചു.
ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ച വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍, ജഹാംഗീര്‍പുരി പ്രദേശത്ത് ശനിയാഴ്ച ഹനുമാന്‍ ജയന്തി ഘോഷയാത്ര ഒരു പള്ളിയിലൂടെ കടന്നുപോകുമ്പോള്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications