വോട്ടിന്റെ മധുരം നുണയാൻ കഴിയുമോ? ആശങ്കയിൽ കരിമ്പ് കർഷകതൊഴിലാളികൾ, എന്താണ് കാരണം?
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. ജനം വിധിയെഴുതാൻ ഇനി ഒരാഴ്ച തികച്ചില്ല. ഇരുപതാം തീയതി പക്ഷേ പോളിങ് ബൂത്തിലെത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് പന്ത്രണ്ട് ലക്ഷത്തിലധികം വോട്ടർമാർ. രാജ്യത്തിന്റെ പഞ്ചാരക്കിണ്ണമാകാൻ മഹാരാഷ്ട്രയെ സഹായിക്കുന്ന കരിമ്പുകർഷക തൊഴിലാളികളാണ് ഈ വോട്ടർമാർ. എന്താണ് ഇവരുടെ ആശങ്കക്ക് കാരണം?
ഇന്ന് മുതൽ കരിമ്പ് പാടങ്ങളിൽ വിളവെടുപ്പ് കാലം തുടങ്ങി. പാകമായ കരിമ്പെടുക്കണം, ചതക്കണം, നീരെടുക്കണം തുടങ്ങി പാടങ്ങളിൽ നിന്ന് ഫാക്ടറികളിലേക്ക് നീളുന്ന തിരക്കുകൾക്കാണ് തുടക്കമായിരിക്കുന്നത്. ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ സീസൺ മുന്നിൽ കണ്ട് കരിമ്പിൻകൃഷി കൂടുതലുള്ള മേഖലകളിലേക്ക് ഇതിനോടകം പോയിരിക്കഴിഞ്ഞു. മറാത്ത് വാഡ, വടക്കൻ മഹാരാഷ്ട്ര, വിദർഭ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികളാണ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും കർണാടക, തെലങ്കാനഅടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്.
ഇവരെല്ലാവരും ഇനി ഏപ്രിൽ അവസാനത്തോടെയോ മേയ് മാസമോ മാത്രമേ തിരിച്ചെത്താനിടയുള്ളു എന്നാണ് മഹാരാഷ്ട്ര ഷുഗർകേയ്ൻ കട്ടേഴ്സ് ആൻഡ് ട്രാൻസ്പോർട്ട് അസോസിയേഷൻ വിലയിരുത്തുന്നത്. ഇത്രയും പേർക്ക് വോട്ട് ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ എന്താണ് തെരഞ്ഞെടുപ്പിൽ കാര്യമെന്ന ചോദ്യമുന്നയിച്ചാണ് സംഘടന ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ സമീപിച്ചത്. ഒന്നുകിൽ തപാൽ വോട്ട്, അല്ലെങ്കിൽ നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങാൻ തൊഴിലാളികൾക്ക് വാഹനസൗകര്യം ഇതാണ് സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യം.

ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനും കരിമ്പ് കമ്മീഷണർക്കും മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഷുഗർ ഫാക്ടറീസ് ഫെഡറേഷൻ ലിമിറ്റഡിനും വെസ്റ്റ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഒന്നു കൊണ്ടും പരിഭ്രമം വേണ്ടെന്നും തൊഴിലാളികൾക്ക് വോട്ട് ചെയ്ത് വരാൻ അവസരവും സൗകര്യവും നൽകുമെന്നാണ് വെസ്റ്റ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ പറയുന്നത് . കൃത്യമായി വിളവെടുപ്പ് നടത്തിയില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന കാര്യം മറക്കരുതെന്നും സംഘടന ഓർമപ്പെടുത്തുന്നു.
എന്തായാലും പഞ്ചസാര ഫാക്ടറികളും കരിമ്പ് കർഷകരും നിർണായക സ്വാധീനം ചെലുത്തുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇങ്ങനെയൊരു മധുരകുരുക്ക് ഇതാദ്യം.












Click it and Unblock the Notifications