എംജിആർ മാജിക് ആവർത്തിക്കുന്നു! 'ദളപതി' വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രി ആകുമോ?
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യം ഞെട്ടലോടെ നോക്കുന്നത് നടൻ വിജയുടേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെയും (TVK) മുന്നേറ്റമാണ്. ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട പ്രവചനങ്ങൾ പ്രകാരം, കന്നിയങ്കത്തിൽ തന്നെ വിജയ് തമിഴ്‌നാടിന്റെ അധികാരക്കസേരയിലേക്ക് അടുക്കുകയാണ്. 234 അംഗ നിയമസഭയിൽ 98 മുതൽ 120 വരെ സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ഈ കുതിപ്പിനെ ഐതിഹാസിക താരവും തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ (MGR) രാഷ്ട്രീയ ഉദയത്തോടാണ് രാഷ്ട്രീയ നിരീക്ഷകർ ഉപമിക്കുന്നത്.
എംജിആർ മാതൃകയിലുള്ള വിജയഗാഥയോ?
തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ സിനിമയിലെ ജനപ്രീതിയെ ഭരണാധികാരമാക്കി മാറ്റിയ ആദ്യത്തെ രാഷ്ട്രീയ വിപ്ലവമായിരുന്നു എംജിആറിന്റേത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തിൽ സ്വന്തമായി പാർട്ടി രൂപീകരിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ എംജിആറിന് ശേഷം അത്തരമൊരു തരംഗം വിജയത്തിലൂടെ ആവർത്തിക്കപ്പെടുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. സിനിമയിലെ നായക പരിവേഷത്തിനപ്പുറം സാധാരണക്കാരുടെ വികാരമായി വിജയ് മാറിയതാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. 'മക്കൾ തിലകം' എന്ന് എംജിആർ അറിയപ്പെട്ടതുപോലെ, യുവതലമുറയുടെയും സാധാരണക്കാരുടെയും 'ദളപതി'യായി വിജയ് രാഷ്ട്രീയത്തിലും തന്റെ ആധിപത്യം ഉറപ്പിക്കുകയാണ്.
ഡിഎംകെ, എഐഎഡിഎംകെ എന്നീ രണ്ട് ദ്രാവിഡ കക്ഷികൾ പതിറ്റാണ്ടുകളായി മാറിമാറി ഭരിക്കുന്ന തമിഴ് രാഷ്ട്രീയത്തിൽ ഒരു വലിയ മാറ്റത്തിനായി ജനങ്ങൾ ദാഹിക്കുന്നു എന്നതിന്റെ തെളിവാണ് ടിവികെയുടെ മുന്നേറ്റം. ആക്‌സിസ് മൈ ഇന്ത്യയുടെ കണക്കുകൾ പ്രകാരം, തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ വിജയത്തിന് അവിശ്വസനീയമായ സ്വാധീനമാണുള്ളത്. 18-19 പ്രായപരിധിയിലുള്ള വോട്ടർമാരിൽ 68 ശതമാനവും, 20-29 പ്രായത്തിലുള്ളവരിൽ 59 ശതമാനവും വിജയത്തെ പിന്തുണയ്ക്കുന്നു. അഴിമതിക്കും കുടുംബ ഭരണത്തിനുമെതിരായ വിജയയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തമിഴ് ദേശീയതയും ദ്രാവിഡ രാഷ്ട്രീയവും ചേർത്തുവെച്ചുകൊണ്ടുള്ള വിജയയുടെ നയം എംജിആർ പണ്ട് സ്വീകരിച്ചിരുന്ന 'ജനകീയ സോഷ്യലിസ്റ്റ്' മാതൃകയ്ക്ക് സമാനമാണ്.

നിർണ്ണായകമായ വോട്ട് വിഹിതം
ഏകദേശം 35 ശതമാനം വോട്ട് വിഹിതമാണ് വിജയയുടെ പാർട്ടിക്ക് പ്രവചിക്കുന്നത്. ഇത് ഭരണകക്ഷിയായ ഡിഎംകെയുടെ വോട്ട് വിഹിതത്തിന് തുല്യമാണ്. എഐഎഡിഎംകെ-ബിജെപി സഖ്യത്തെ വളരെ പിന്നിലാക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തിയായി 37 ശതമാനം പേരുടെ പിന്തുണയോടെ വിജയ് മാറിയിരിക്കുന്നു. ഇത് നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേക്കാൾ (35%) മുകളിലാണെന്നത് ശ്രദ്ധേയമാണ്.
വിജയ് അധികരത്തിൽ വന്നാൽ അത് തമിഴ് രാഷ്ട്രീയത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകും. ഒരു സിനിമാ താരമെന്ന നിലയിൽ ലഭിച്ച വൻ ആരാധകവൃന്ദത്തെ കൃത്യമായ രാഷ്ട്രീയ വോട്ടുകളാക്കി മാറ്റുന്നതിൽ വിജയ് വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. എംജിആറിനെപ്പോലെ ജനകീയ പദ്ധതികളിലൂടെയും സാധാരണക്കാരന്റെ ശബ്ദമായും നിലകൊള്ളാൻ താരത്തിന് തുടർന്നും സാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications