ഞങ്ങളോടും ആ സ്‌നേഹം കുറച്ച് കാണിക്കൂ; ഡല്‍ഹി ഓര്‍ഡിനന്‍സില്‍ രാഹുല്‍ ഗാന്ധിയോട് എഎപി
ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ശക്തമാകുന്നു. രാഹുല്‍ ഗാന്ധി മനസ്സിലുള്ള സ്‌നേഹം എഎപിയോടും കാണിക്കണമെന്നാണ് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞിരിക്കുന്നത്. "വിദ്വേഷത്തിന്റെ വിപണിയില്‍, സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് നേരത്തെ രാഹുല്‍ പറഞ്ഞതാണ്. അദ്ദേഹം ആ സ്‌നേഹം നല്‍കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആ സ്‌നേഹത്തിനായി ആവശ്യപ്പെടുമ്പോള്‍, എന്റെ കൈയ്യില്‍ ഇല്ല എന്ന് രാഹുല്‍ പറഞ്ഞാല്‍, നിങ്ങള്‍ പറയുന്ന ആ സ്‌നേഹത്തിന്റെ കടയില്‍ എല്ലാവര്‍ക്കും സംശയം" തോന്നാമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
പട്‌നയിലെ പ്രതിപക്ഷ യോഗത്തിന് ശേഷം, ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് എഎപി.കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള കടുത്ത അവിശ്വാസം നിലനില്‍ക്കുന്നത് പ്രതിപക്ഷ യോഗത്തെ തന്നെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്." നിങ്ങള്‍ക്ക് ഈഗോ ഉണ്ടാവുന്നതില്‍ തെറ്റില്ല. പക്ഷേ പുതിയ സര്‍ക്കാരുണ്ടാക്കുന്ന സമയത്ത് ജനങ്ങള്‍ കരുതുക, ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അത്തരം ഈഗോകളുടെ പുറത്തായിരിക്കും എന്ന രീതിയിലാവും".

"മുമ്പ് പരസ്പരം പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മറക്കണം. സംസ്ഥാനങ്ങള്‍ എതിരാളികളായത് കൊണ്ട് സംഭവിച്ചതാകാം അത്. എന്നാല്‍ ഇപ്പോള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ്. ഒരുപാട് പാര്‍ട്ടികള്‍ പരസ്പരം എതിര്‍ത്ത് മത്സരിക്കുന്നുണ്ട്. എസ്പിയും കോണ്‍ഗ്രസും യുപിയില്‍ എതിരാളികളാണ്. അതുപോലെ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എതിരാളികളാണ്. ഇത്തരം വൈരുധ്യങ്ങള്‍ക്കിടയിലും, ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക്" സാധിക്കണമെന്നും ഭരദ്വാജ് പറഞ്ഞു.
പരസ്പരം പോരടിക്കാനാണ് തീരുമാനമെങ്കില്‍ പോരാട്ടം അവസാനിക്കില്ല. എല്ലാം മറന്ന് മുന്നോട്ട് പോവുകയാണ് വേണ്ടത്. മറ്റുള്ളവര്‍ക്കായി സീറ്റ് വിട്ടുനല്‍കുകയെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പക്ഷേ അതിന് വിശാലമായ മനസ്സ് വേണമെന്നും ഭരദ്വാജ് പറഞ്ഞു. അതേസമയം സഖ്യത്തിന് സമ്മതിക്കണമെങ്കില്‍, തങ്ങളുടെ ആവശ്യം അംഗീകരണമെന്ന നിലപാടിലായിരുന്നു അരവിന്ദ് കെജ്രിവാള്‍.
പ്രതിപക്ഷ യോഗത്തില്‍ വലിയ തര്‍ക്കമാണ് ഇവര്‍ തമ്മില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയ്ക്കാണ് കെജ്രിവാള്‍ ആദ്യം ആവശ്യപ്പെട്ടത്. തെറ്റിദ്ധാരണകള്‍ നമ്മള്‍ തമ്മിലുണ്ട്. ഒരുമിച്ച് സംസാരിച്ചാല്‍ ഇതെല്ലാം മാറും. കോണ്‍ഗ്രസ് ഈ ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കില്ലെന്ന് നമുക്കെല്ലാം അറിയാമെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം പലതവണ കോണ്‍ഗ്രസിനെ എഎപി പിന്തുണച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സമയത്ത് വരെ ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടി അരി നല്‍കി. ഇതൊക്കെ പോസിറ്റീവായി ഞങ്ങള്‍ പ്രതികരിച്ച കാര്യങ്ങളാണെന്നും കെജ്രിവാള്‍ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുമ്പ് എഎപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിലേറെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. എല്ലാം മറന്ന് മുന്നോട്ട് പോകണമെന്നായിരുന്നു കെജ്രിവാള്‍ നിര്‍ദേശം. നിങ്ങളെന്തോ തെറ്റ് ചെയ്തത് കൊണ്ടാണ്, കോണ്‍ഗ്രസുമായുള്ള യോഗത്തിന് ഇത്ര ആവേശം കാണിക്കുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി. ഈ സമയത്താണ് മമത ബാനര്‍ജി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ എഎപിയുടെ പ്രതികരണങ്ങള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications