ഇന്ത്യക്കാർക്ക് വർക്ക് വിസ സ്വന്തമാക്കാം: കുടിയേറുന്നുവെങ്കില്‍ ഈ 5 രാജ്യങ്ങളിലേക്ക് കുടിയേറണം
വിദേശത്ത് വിദ്യാഭ്യാസം നേടുന്ന ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പഠനം വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ സംസ്കാരങ്ങള്‍ പരിചയപ്പെടാനും പുതിയ സാധ്യതകളിലേക്കും വഴി തുറക്കുന്നു. നിരവധി രാജ്യങ്ങൾ അന്താരാഷ്‌ട്ര വിദ്യാർത്ഥികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ മലർക്കെ തുറന്നിട്ടുണ്ടുണ്ട്.
ബിരുദാനന്തര ബിരുദത്തിന് ശേഷം വിദേശ വിദ്യാർത്ഥികള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനുള്ള അവസരവും നല്‍കുന്നു. ഇതിലുടെ പഠനം പൂർത്തിയാക്കിയ ശേഷം ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നു. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് വർക്ക് വിസ അനുവദിക്കുന്ന ഏതാനും രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കാനഡ
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച ചോയ്സുകളിലൊന്നാണ് കാനഡ. നിലവില്‍ കാനഡയില്‍ വലിയ പ്രതിസന്ധികള്‍ കുടിയേറ്റ ജനത നേരിടുന്നുണ്ടെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതില്‍ കാനഡയ്ക്ക് തുറന്ന മനസ്സാണ്. ബിരുദാനന്തര വർക്ക് പെർമിറ്റുകളുടെ ലഭ്യതയില്‍ കാനഡ വളരെ വേഗത്തില്‍ പ്രവർത്തിക്കുന്നു.
കാനഡയുടെ പോസ്റ്റ്-ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് പ്രോഗ്രാം വഴി, കുറഞ്ഞത് എട്ട് മാസത്തെ കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ രാജ്യത്ത് ജോലി ചെയ്യാൻ കഴിയും. അതേസമയം, മേല്‍പ്പറഞ്ഞത് പോലെ പാർപ്പിടം, ജോലി സാധ്യത എന്നീ കാര്യങ്ങളില്‍ കാനഡ സമീപ കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.
അമേരിക്ക
ചരിത്രപരമായി തന്നെ അമേരിക്ക അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് പേരുകേട്ടതാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക മൂന്ന് വിസ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. J-1, M-1, F-1 എന്നിവയാണ് അവ. എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർ ഉൾപ്പെടെ പഠിക്കാനോ ഇന്റേൺ ചെയ്യാനോ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കാണ് J-1 വിസ നൽകുന്നത്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ പരിശീലനമോ പിന്തുടരുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എം-1 വിസ. എന്നാല്‍ മൂന്ന് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് F-1 വിസയാണ്, യുഎസിൽ മുഴുവൻ സമയ പഠനം അനുവദിക്കുകയും ബിരുദാനന്തര ബിരുദത്തിന് ശേഷം ഒരു വർഷത്തേക്ക് ജോലി ചെയ്യാൻ അവസരം നൽകുകയും ചെയ്യുന്നു. ഇതിനായി കുറഞ്ഞത് ഒമ്പത് മാസമെങ്കിലും നീണ്ടുനിൽക്കുന്ന ഒരു കോഴ്‌സിൽ ചേരേണ്ടതുണ്ട്.
ഓസ്ട്രേലിയ
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ യുവാക്കൾക്കിടയിൽ പ്രിയപ്പെട്ട പഠനകേന്ദ്രമെന്ന നിലയിൽ ഓസ്‌ട്രേലിയയ്ക്കും ഒരു പ്രമുഖ സ്ഥാനമുണ്ട്. സമഗ്രമായ വിദ്യാഭ്യാസ സമ്പ്രദായം, സാങ്കേതിക പുരോഗതി, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ സർക്കാർ സേവനങ്ങൾ എന്നിവയാണ് ഓസ്ട്രേലിയയുടെ ആകർഷണം. ഓസ്‌ട്രേലിയ വിദ്യാർത്ഥികൾക്ക് താൽക്കാലിക വിസകൾ നല്‍കുന്നുണ്ട്. അവർക്ക് ആറ് വർഷം വരെ പഠനം തുടരാനും തുടർന്ന് പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ജോലിയിൽ ഏർപ്പെടാനും ഇതിലൂടെ അനുവദിക്കുന്നു.
ഫ്രാൻസ്
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ മറ്റൊരു പ്രധാനപ്പെട്ട രാജ്യമാണ് ഫ്രാന്‍സ്. പ്രത്യേകിച്ച് മാനേജ്മെന്റ്, ബിസിനസ്സ്, ഫാഷൻ, പാചക കലകൾ തുടങ്ങിയ മേഖലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രാന്‍സ് ഏറെ അനുയോജ്യമാണ്. ബിരുദ പ്രോഗ്രാമുകളെ അപേക്ഷിച്ച് ബിരുദാനന്തര കോഴ്‌സുകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് ഫ്രാന്‍സില്‍ കൂടുതലാണ്. മുമ്പ്, പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർക്കാർ രണ്ട് വർഷത്തെ ബിരുദാനന്തര വർക്ക് വിസ അനുവദിച്ചിരുന്നു. അതിന്റെ കാലാവധി ഇപ്പോൾ അഞ്ച് വർഷമായി നീട്ടി. ഈ നിർദ്ദിഷ്ട വിസയെ ടാലന്റ് പാസ്‌പോർട്ട് എന്നാണ് വിളിക്കുന്നത്.
യുകെ
ഒരുകാലത്ത് കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾക്ക് പേരുകേട്ട രാജ്യമായിരുന്നു യുകെ. എന്നാല്‍ നിലവിലെ സ്ഥിതി അതല്ല. നിരവധി ഇന്ത്യക്കാരാണ് യുകെയില്‍ പഠനത്തിനായി എത്തുന്നത്. യുകെ ഇപ്പോൾ ബിരുദാനന്തര ബിരുദം നേടിയവർക്ക് രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ വാഗ്ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications