വൺഇന്ത്യയുമായും ഐഐടി തിരുപ്പതിയുമായും കരാർ ഒപ്പിട്ട് കനേഡിയൻ സ്ഥാപമായ ഡീപ്സ്പാഷ്യൽ;വൻ പദ്ധതി
ഇന്ത്യയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളുമായി കരാറിലെത്തി ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ-എഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഡീപ്സ്പാഷ്യൽ. തിരുപ്പതി ഐഐടിയിലെ ടെക്നോളജി ഇന്നൊവേഷൻ ഹബ്ബായ ഐഐടി തിരുപ്പതി നവാവിഷ്കാർ ഐ-ഹബ് ഫൗണ്ടേഷൻ ,ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമായ വൺഇന്ത്യയുടെ മാതൃകമ്പനിയായ ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായാണ് കരാർ. ടീം കാനഡ ട്രേഡ് മിഷൻ്റെ ഇന്ത്യ സന്ദർശനത്തിൻ്റെ ഭാഗമായി ബെംഗളൂരിൽ വെച്ചായിരുന്നു പരിപാടി നടന്നത്. കനേഡിയൻ മന്ത്രിയായ മനിന്ദർ സിദ്ധുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 300 പ്രതിനിധികൾ ഉൾപ്പെടുന്ന കനേഡിയൻ സംഘത്തെ മനിന്ദർ സിദ്ധുവാണ് നയിക്കുന്നത്.
ഈ വ്യാപാര ദൌത്യത്തിലൂടെ ഇന്ത്യയിലേയും കാനഡയിലേയും വിവിധ സ്ഥാപനങ്ങൾ തമ്മിൽ 300 മില്യണ്‍ കനേഡിയൻ ഡോളർ മൂല്യമുള്ള കരാറുകളാണ് ഒപ്പുവെച്ചതെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. 34 വാണിജ്യ കരാറുകളും പങ്കാളിത്തങ്ങളും നിക്ഷേപ പ്രഖ്യാപനങ്ങളും ഉൾപ്പെട്ടതാണിത് . ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജീസ് വിഭാഗത്തിന് കീഴിൽ ഒഫീഷ്യൽ ഫാക്ട് ഷീറ്റിലാണ് ഡീപ്സ്പാഷ്യലിൻ്റെ രണ്ട് കരാറുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിയോ എഐ അധിഷ്ഠിതമായ ഡിസിഷൻ ഇൻ്റലിജൻസും അതോടൊപ്പം ലോകത്ത് സ്വാധീനം ചെലുത്താൻ പ്രാപ്തമായ സാങ്കേതികപരമായ പരിഹാരങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമുള്ള നിർണായക ചുവടുവെപ്പാണ് ഈ പങ്കാളിത്തമെന്ന് ഡീപ്സ്പാഷ്യൽ സ്ഥാപകനും സിഇഒയുമായ ഡോക്ടർ രാഹുൽ കുഷ്വ പറഞ്ഞു. ഗവേഷണവും നവീകരണവും സാധ്യമാക്കുന്നതിനോടൊപ്പം തന്നെ വൈദഗ്ധ്യം വളർത്തിയെടുക്കാനുള്ള മികച്ച ആവാസ വ്യവസ്ഥ സൃഷ്ടിക്കാനും തിരുപ്പതി ഐഐടി നവാവിഷ്കാർ ഐ-ഹബ് ഫൗണ്ടേഷനുമായുള്ള സഹകരണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ എഡ്സ്ക്എക്സ്പ്രസ് വഴി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് വസ്തുനിഷ്ഠമായ ഉള്ളടക്കങ്ങൾ ലഭ്യമാക്കാനും ഡിജിറ്റൽ മീഡിയ സാരക്ഷരത പ്രധാനം ചെയ്യാനും വണ്‍ ഇന്ത്യയുമായുള്ള പങ്കാളിത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ടെക്നോളജി, സ്ഥാപനങ്ങളുടെ വൈധഗ്ധ്യം, വ്യവസായ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെടുത്തി വിവിധ മേഖലകൾക്ക് ആവശ്യമായ പരിഹാര നിർദേശങ്ങൾ നൽകാൻ കഴിയുന്ന തരത്തിലുള്ള വിശാല കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. നിലവിൽ ഇന്ത്യയിലും വിദേശ വിപണികളിലും സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അതിൻ്റെ ഭാഗമായി സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിപ്പെടുത്തുന്നതിനുള്ള അത്യാധുനിക നവീകരണ ശൃംഖല വളർത്തിയെടുക്കുന്നതിലാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാഷ്യൽ എഐ റിസർച്ചും ഐഐടി വിദഗ്ധരും ചേരുമ്പോൾ
ജിയോ സ്പാഷ്യൽ സാങ്കേതിക വിദ്യ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനങ്ങൾ, പൊസിഷനിംഗ് സംവിധാനങ്ങൾ, സ്പാഷ്യൽ എഐ എന്നിവയിലാണ് ഐഐടി തിരുപ്പതി ഇന്നവോഷൻ ഹബ് ഡീപ്സ്പാഷ്യലുമായി യോജിച്ച് പ്രവർത്തിക്കുക. യോജിച്ചുള്ള ഗവേഷണം, വികസനം, വൈദഗ്ധ്യ വികസനം, സാങ്കേതിക വാണിജ്യവത്കരണം, സ്റ്റാർട്ടപ് ഇൻക്യുബേഷൻ, വ്യവസായിക- അക്കാദമിക കൂട്ടുകെട്ട് എന്നിവയും കരാറിൻ്റെ ഭാഗമാണ്.
സ്പിൻ ലാബ്സ് നെറ്റവർക്കിലൂടെ അവതരിപ്പിക്കാനൊരുങ്ങുന്ന ഡീപ്സ്പാഷ്യലിൻ്റെ ആഗോള ജിയോഎഐ മെൻ്റർഷിപ്പ് പ്രോഗ്രാം ആയ എക്സ്പ്ലൂർ ആണ് പ്രധാനപ്പെട്ട പദ്ധതി. യഥാർത്ഥ ലോകത്തെ ലൊക്കേഷൻ-ഇൻ്റലിജൻസ് വെല്ലുവിളികൾ തിരിച്ചറിയാൻ അവസരം ഒരുക്കിക്കൊണ്ട് വിദ്യാർത്ഥികൾക്കും വളർന്നുവരുന്ന പ്രൊഫഷണലുകൾക്കും ജിയോ എഐ,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവയെ കുറിച്ച് കൂടുതൽ അറിവ് നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഐഐടിടഎൻഐഎഫ് , ടെക്നോളജി ഇന്നവേഷൻ ഹബ് പ്രൊജക്ട് ഡയറക്ടർ ഡോ റോഷൻ കെ ശ്രീവാസ്തവും ഡോ. രാഹുൽ കുഷ്വാഹയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഐടിടിഎൻഐഎഫ് സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തുലിക സാഹ, ഡീപ്സ്പാഷ്യൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സൗരഭ് ത്യാഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജിയോസ്പാഷ്യൽ, സ്പാഷ്യൽ എഐ പരിഹാരങ്ങൾ എന്നിവയെ ഗവേഷണം, നവീകരണം, വ്യവസായം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഡീപ്സ്പാഷ്യലയുമായുള്ള പങ്കാളിത്തമെന്ന് ഡോ റോഷൻ കെ ശ്രീവാസ്തവ പറഞ്ഞു. വളർന്ന് വരുന്ന സാങ്കേതികവിദ്യാ മേഖലകളിൽ ഇന്ത്യ-കാനഡ സഹകരണം ഉറപ്പാക്കുക മാത്രമല്ല ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മറിച്ച് സാങ്കേതിക വികസനവും വാണിജ്യവത്കരണവും അതോടൊപ്പം സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗവേഷകർക്കും യുവ ഉപജ്ഞാതാക്കൾക്കും പുതിയ അവസരങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കും.
ഗവേഷണങ്ങളെ പ്രായോഗിക അവസരങ്ങളിലേക്ക് വഴിമാറ്റുന്നന്നതിലാണ് ഐഐടി തിരുപ്പതി ടെക്നോളജി ഇന്നോവേഷൻ ഹബ് ശ്രദ്ധയൂന്നുന്നത്. ഈ സഹകരണത്തിലൂടെ മികച്ച ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യസന്ധമായ മാധ്യമപ്രവർത്തനം വിദ്യാർത്ഥികളിലേക്ക്
കരാർ അനുസരിച്ച് ഡീപ്സ്പ്യഷലിൻ്റെ വിദ്യാർത്ഥികൾക്കുള്ള പഠന-മധ്യമ സാക്ഷരത പ്ലാറ്റ്ഫോം ആയ എഡ്സ്ക്എക്സ്പ്രസിലേക്ക് ആവശ്യമായ സമകാലിക വിഷയങ്ങളും ദിവസനേയുള്ള വാർത്തകളും വണ്‍ ഇന്ത്യയാണ് നൽകുക. ലോകത്ത് നടക്കുന്ന വിവിധ സംഭവങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകാനും വായനയുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് ഉയർത്തുന്നതിനും വിശകലന ബുദ്ധിയും മാധ്യമ സാക്ഷരതയും വളർത്താനുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
സത്യസന്ധ്യമായ വാർത്തകൾ മനസിലാക്കാനുള്ള അവസരം മാത്രമല്ല , വിഷയങ്ങളെ കുറിച്ച് ചോദ്യം ഉയർത്താനും സമകാലിക വിഷയങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കാനും സ്വന്തം പശ്ചാത്തലങ്ങളിൽ നിന്നും പുതിയ വാർത്തകൾ കണ്ടെത്തുന്നതിനും എഡ്സ്ക് എക്സ്പ്രസിലൂടെ സാധിക്കും.
വണ്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻ രാവണനും ഡോ. രാഹുൽ കുശ്വാഹയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. വണ്‍ ഇന്ത്യ കോണ്ടൻ്റ് സ്ട്രാറ്റജി ഏൻ്റ് മോണിറ്റൈസേഷൻ സീനിയർ ഡയറക്ടർ പിജെ ജെയിംസ്, സൌരഭ് ത്യാഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വസ്തുനിഷ്ഠമായ വാർത്തകൾ ന്യൂസ് റൂമുകൾക്കുള്ളിൽ ഒതുങ്ങേണ്ടവയല്ല, മറിച്ച് അവ ക്ലാസ് റൂമിലേക്കും വിദ്യാർത്ഥികൾക്കിടയിലേക്കും എത്തണമെന്ന് എൻ രാവണൻ പറഞ്ഞു. 'വണ്‍ ഇന്ത്യയുടെ അടിസ്ഥാനം തന്നെ കോണ്ടൻ്റാണ്. എന്നാൽ പോസിറ്റീവ് വാർത്തകൾ എന്നത് ഒരിക്കലും സോഫ്റ്റ് ന്യൂസ് അല്ല. ചെറുപ്പക്കാരായ വായനക്കാരെ സംബന്ധിച്ച് എന്താണ് പ്രവർത്തിക്കുന്നത്, അതിന് പിന്നിൽ ആരാണെന്ന് ഇതൊക്കെ അറിഞ്ഞാൽ മാറ്റം ഉണ്ടാകുമെന്ന തോന്നൽ ജനിപ്പിക്കും. ഇതാണ്. എഡ്സ്ക് എക്സ്പ്രസുമായുള്ള സഹകരണത്തിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്ന ആശയവും. വിദ്യാർത്ഥികൾ വസ്തുനിഷ്ഠമായ വാർത്തകൾ വായിക്കണം, അതിനെ ചോദ്യം ചെയ്യാനാകണം, അവർക്ക് തോന്നുന്ന കാര്യങ്ങൾ വാർത്തകളാക്കണം, മാറ്റങ്ങൾ ഉണ്ടാക്കുന്ന മാധ്യമപ്രവർത്തനം വളരെ ചെറുപ്രായത്തിൽ തന്നെ അറിയണം', അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ 'ടീം കാനഡ ദൌത്യം'
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിത്തുന്ന ഏറ്റവും വലിയ കാനഡ വ്യാപാര ദൌത്യ സംഘമാണ് ഇതെന്നാണ് സന്ദർശനത്തെെ കുറിച്ച് ഗ്ലോബൽ അഫയേഴ്സ് വിശേഷിപ്പിച്ചത്. ടീം ഒപ്പുവെച്ച 34 കരാറുകളിൽ 11 എണ്ണം മുംബൈയിൽ നിന്നുള്ളതാണ്. 23 എണ്ണം ബെംഗളൂരിൽ നിന്നും. എയറോസ്പേസ്-സ്പേസ്, ക്ലീൻ ടെക്നോളജി, എനർജി ട്രാൻസിഷൻ, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, ഇൻഫ്രാസ്ട്രച്കർ, ലൈഫ് സയൻസ്, ടൂറിസം എന്നീ മേഖലകളിലുള്ള വിവിധ സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ടാറ്റാ പ്രൊജക്ട്സ്, ജിഎംആർ എയറോ ടെക്നിക്ക്, അദാനി പോർട്സ്, സെസ്, കെപിഎംജി ഇന്ത്യ, ആദിത്യ ബിർള ഇൻസുലേറ്റേഴ്സ്, അപ്പോളോ ഹെൽത്ത് എന്നിവയാണ് ഈ സ്ഥാപനങ്ങൾ. ഇവയ്ക്കൊപ്പം തിരുപ്പതി ഐഐടി , തിരുപ്പതി ഐഐഎസ്ഇആർ , ഐഐടി റൂർക്കേ തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങളുമായും കരാർ ഉണ്ടാക്കിയിട്ടുണ്ട്.
വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കുകയെന്ന കാനയുടെ അജണ്ടയുടെ ഭാഗമാണ് ഈ ദൌത്യം. സന്ദർശനത്തിനിടെ കാനഡ മന്ത്രി സിദ്ധു കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാനഡ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
'ഇന്ത്യയിലെത്തി ഞങ്ങളുടെ കാനഡ ട്രേഡ് മിഷൻ ടീം 34 വാണിജ്യ കരാറുകളിലാണ് ഒപ്പുവെച്ചത്. ഇതിൻ്റെ ആകെ മൂല്യം 300 മില്യണ്‍ ഡോളറാണ്. ഊർജ മേഖല മുതൽ ക്രിട്ടിക്കൽ മിനറലുകളും എയറോസ്പേസും വരെയുള്ള കമ്പനികളുമായാണ് കരാറിലെത്തിയത്. ഈ ബന്ധങ്ങൾ ലോകത്തിലെ ഉയർന്നുവരുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുമായുള്ള ദീർഘകാല പങ്കാളിത്തം ഊട്ടിയുറപ്പിക്കാൻ സഹായിക്കും. ഇന്ത്യയ്ക്ക് ആവശ്യമായ ഏറ്റവും വിശ്വസ്തമായ പങ്കാളിയായി തുടരാൻ കാനഡ തയ്യാറാണ്. ഈ കരാറിലൂടെയും പങ്കാളത്തത്തിലൂടെയും സൃഷ്ടിക്കപ്പെടുന്ന അവസരങ്ങൾ നമ്മുടെ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും വലിയ ഉപകാരമാകും', മന്ത്രി സിദ്ധു പറഞ്ഞു.
ദൌത്യ സംഘത്തിൻ്റെ കണക്കുകൾക്കും മന്ത്രിയുടെ പ്രസ്താവനയ്ക്കും കടപ്പാട് -കാനഡ ഗ്ലോബൽ അഫയേഴ്സ് ,ന്യൂസ് റിലീസ് ആൻ്റ് ഫാക്ട്ഷീറ്റ്, ഒക്ടോബർ 16, 2026.
ഇന്ത്യയിൽ നിന്നും ആഗോള സ്വാധീനം ലക്ഷ്യം വെച്ച്
'സാങ്കേതിക നവീകരണവും സുസ്ഥിരമായ മൂല്യവും സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള പങ്കാളിത്തവുമാണ് ഡീപ്സ്പാഷ്യലിൻ്റെ വികസന മന്ത്രം. ഞങ്ങളുടെ മുന്നോട്ടുള്ള വഴികളിൽ ഈ രണ്ട് കരാറുകളും വളരെ അധികം നിർണായകമാണ്. ഐഐടി തിരുപ്പതി നവാവിഷ്കാർ ഐ-ഹബ് ഫൗണ്ടേഷനുമായുള്ള സഹകരണത്തിലൂടെ ജിയോഎഐ ഗവേഷണം ശക്തിപ്പെടുത്താനും വൈദഗ്ധ്യവും വാണിജ്യവത്കരണവും മെച്ചപ്പെടുത്താനുമാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം വണ്‍ ഇന്ത്യയുടെ ഉള്ളടക്ക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി എഡ്സ്ക്എക്സ്പ്രസ് വിപുലപ്പെടുത്താനും', ഡീപ്സ്പാഷ്യൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സൌരഭ് ത്യാഗി പറഞ്ഞു.
ഞങ്ങളുടെ പ്രവർത്തനങ്ങളേയും കാഴ്ചപ്പാടുകളേയും തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് മാറ്റാനുള്ള പ്രധാനപ്പെട്ട പ്ലാറ്റ്ഫോം ആണ് ടീം കാനഡ ട്രേഡ് മിഷൻ നൽകിയിരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ നിരവധി പരിപാടികൾ സംഘടിപ്പിക്കാനും സ്ഥാപനങ്ങളും വ്യവസായങ്ങളും ഉൾപ്പെടുന്ന ശൃംഖല വികസിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ഞങ്ങളുടെ സാങ്കേതിക-വിദ്യാഭ്യാസ സംരംഭങ്ങൾക്ക് വിശാലമായൊരു വിപണി കണ്ടെത്താനും ഇതിലൂടെ ഞങ്ങൾ ശ്രമിക്കും. ഇന്ത്യയിൽ ഞങ്ങൾ വളർത്തിയെടുത്ത സംവിധാനങ്ങളിലൂടെ വളരുകയും വളരെയേറെ പ്രസക്തിയുള്ളതും ആഗോള തലത്തിൽ സ്വാധീനം ഉണ്ടാക്കാനും കഴിയുന്ന തരത്തിലുള്ള പരിഹാരമാർഗങ്ങൾ ഉറപ്പാക്കുകയും ചെയ്യും', അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, കാർഷിക മേഖല, ഭക്ഷ്യ സുരക്ഷ മേഖല, കാലാവസ്ഥ ദുരന്തനിവാരണം, അടിസ്ഥാനസൌകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് ജിയോഎഐ, എഐ അധിഷ്ഠിത ഡിസിഷൻ ഇൻ്റലിജൻ്സ് ഡീപ്സ്പാഷ്യൽ പ്ലാറ്റ്ഫോമുകൾ നടപ്പാക്കുന്നത്. ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, കോണ്ടൻ്റ് പ്രൊവൈഡർമാർ എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെ തങ്ങളുടെ ശേഷിയും കഴിവുകളും വിപുലീകരിക്കാനും കാനഡയിൽ വികസിപ്പിച്ച സാങ്കേതിക വിദ്യ അന്താരാഷ്ട്ര സഹകരണത്തിലൂടെ വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡീപ്സ്പാഷ്യൽ ഐഎൻസിയെ കുറിച്ച്- ഇന്ത്യയിൽ പ്രവർത്തിക്കുന്ന കനേഡിയൻ ജിയോ എഐ കമ്പനിയാണ് ഡീപ്സ്പാഷ്യൽ. ടൊറൻ്റോയാണ് ഇവരുടെ ആസ്ഥാനം. ജിയോസ്പാഷ്യൽ ഇൻ്റലിജൻസ്, ലൊക്കേഷൻ ഇൻ്റലിജൻസ്, അനലറ്റിക്സ് എന്നിവയാണ് കമ്പനി വികസിപ്പിക്കുന്നത്. കൂടാതെ വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് അനലറ്റിക്കലായ മാപ്പിംഗ് സൊല്യൂഷൻസ് സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികസനത്തിന് വഴികാട്ടിയായ പ്രവർത്തിക്കുന്ന എഡ്സ്ക്നെക്സ്റ്റ്, ഡിജിറ്റൽ വാർത്തകളിലൂടെ മാധ്യമ സാക്ഷരത ഉറപ്പാക്കുന്ന എഡ്സ്ക്എക്സ്പ്രസ്, ജിയോ എഐ മെൻ്റർഷിപ്പ് പ്രോഗ്രാമായ എക്സ്പ്ലൂർ എന്നിവയാണ് ഇവരുടെ പ്രധാന സംരംഭങ്ങൾ.


Click it and Unblock the Notifications
