കനേഡിയന്‍ ഗായകന്‍ ശുഭ് ഇന്ത്യയിലേക്ക്: സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി ബോട്ട്, വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: കനേഡിയന്‍ പഞ്ചാബി ഗായകന്‍ ശുഭ്‌നീത് സിംഗിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ വന്‍ പ്രതിഷേധം. ഇന്ത്യയില്‍ സംഗീത പരിപാടിക്കായിട്ടാണ് അദ്ദേഹം വരുന്നത്. അതിനായി അനുമതിയും ലഭിച്ചിട്ടുണ്ട്. ഭാരതീയ ജനത യുവമോര്‍ച്ച ശുഭ്‌നീത് എന്ന ശുഭിന്റെ സംഗീത പരിപാടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് പരിപാടിക്കായി അനുമതി നല്‍കിയതിലും പ്രതിഷേധമുണ്ട്.
ഖലിസ്ഥാന്‍ വാദത്തെ പിന്തുണച്ച് മുന്‍പ് ട്വീറ്റുകള്‍ ചെയ്തിരുന്നു ശുഭ്. നേരത്തെ കശ്മീര്‍ ഇല്ലാത്ത ഭൂപടം അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിവാദത്തിലായിരുന്നു അദ്ദേഹം. ഇതെല്ലാം പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇതിനിടെ ശുഭ്‌നീതിന്റെ സംഗീത പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പ്രമുഖ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട് പിന്‍മാറി. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയാണ് താരത്തിന്റെ ഇന്ത്യയിലെ പരിപാടികള്‍ നടക്കുന്നത്.

മുംബൈയിലെ കോര്‍ഡീലിയ ക്രൂസിലാണ് പരിപാടി. രാജ്യത്താകെ സംഗീത പരിപാടിയുമായി വലിയൊരു പര്യടനവും താരം പ്ലാന്‍ ചെയ്തിട്ടുണ്ട്. ന്യൂഡല്‍ഹി, ബെംഗളൂരു ഹൈദരാബാദ് എന്നിവിടങ്ങളില്‍ സംഗീത പരിപാടികള്‍ നടത്താന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. താരത്തിന്റെ വിവാദ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ശുഭ്‌നീതിന്റെ പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതായി ബോട്ട് അറിയിക്കുകയായിരുന്നു.
സംഗീതത്തോടുള്ള ഞങ്ങളുടെ സമര്‍പ്പണം ഒരിക്കലും അവസാനിക്കില്ല. ആദ്യവും അവസാനവുമായി ഞങ്ങള്‍ യഥാര്‍ഥ ഇന്ത്യന്‍ ബ്രാന്‍ഡാണ്. ഗായകന്‍ ശുഭ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുന്നതായി ഞങ്ങള്‍ പ്രഖ്യാപിക്കുകയാണെന്നും ബോട്ട് എക്‌സിലൂടെ അറിയിച്ചു.നേരത്തെ കശ്മീര്‍ അടക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയ ഭൂപടം പങ്കുവെച്ചതിലൂടെ താരം ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ശുഭ് നടത്താനിരിക്കുന്ന പരിപാടിയുടെ പോസ്റ്ററുകള്‍ നേരത്തെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നീക്കിയിരുന്നു. ഖലിസ്ഥാന്‍വാദികള്‍ക്ക് ഇന്ത്യയില്‍ ഇടമില്ല. അവര്‍ ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ നോക്കുന്നവരാണെന്നും യുവമോര്‍ച്ച പ്രസിഡന്റ് തജീന്ദര്‍ തിവാന പറഞ്ഞു. നേരത്തെ ശുഭ്‌നീത് സിംഗ് പങ്കുവെച്ച ഒരു പോസ്റ്റില്‍ പഞ്ചാബ് പോലീസ് തിരഞ്ഞ് കൊണ്ടിരുന്ന കുറ്റവാളി അമൃതപാല്‍ സിംഗുമുണ്ടായിരുന്നു.
അതേസമയം താരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വിരാട് കോലി, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം എക്‌സില്‍ ഫോളോ ചെയ്തിരുന്നു. ഇവരെല്ലാം അദ്ദേഹത്തെ ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. വിവാദത്തെ തുടര്‍ന്നാണ് ഇതെന്ന് അഭ്യൂഹങ്ങളുണ്ട്. എലവേറ്റഡ്, ഒജി, ചെക്‌സ് പോലുള്ള ശുഭ്‌നീതിന്റെ ഗാനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല എല്ലായിടത്തും തരംഗമായിരുന്നു. അദ്ദേഹത്തിന്റെ ഗാനത്തിന് നേരത്തെ കോലി ചുവടുവെക്കുന്ന വീഡിയോയും വൈറലായിരുന്നു.












Click it and Unblock the Notifications