ചാണകത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്; ഗവേഷണത്തിന് ഈ യൂണിവേഴ്‌സിറ്റി പൊടിച്ചത് 3.5 കോടി: അന്വേഷണം
ചാണകത്തില്‍ നിന്ന് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനുള്ള, മധ്യപ്രദേശ് സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള ഗവേഷണ പദ്ധതി വിവാദത്തില്‍. ചാണകം, ഗോമൂത്രം, പാല്‍, തൈര് തുടങ്ങിയ പശു ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ പദ്ധതിയാണ് അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നത്. ഗവേഷണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഈ ഗവേഷണ പദ്ധതിക്കായി ഏകദേശം 3.5 കോടി രൂപയാണ് ഇതുവരെ ചിലവാക്കിയത്. ഇതില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരു ദശാബ്ദക്കാലത്തോളം നീണ്ട സാമ്പത്തിക ക്രമക്കേടുകളാണ് ചുരുളഴിയുന്നത്.

2011-ലാണ് ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിക്കായി എട്ടു കോടി രൂപയാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടതെങ്കിലും 3.5 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി പശുവിന്റെ ചാണകം, ഗോമൂത്രം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ഗവേഷണ പദ്ധതിയായിരുന്നു ഇത്. 2011 നും 2018 നും ഇടയില്‍ ചാണകം, ഗോമൂത്രം, പാത്രങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ 1.92 കോടി രൂപ ചിലവാക്കിയതായി കാണിച്ചിട്ടുണ്ട്. എന്നാല്‍ വിപണി നിരക്ക് പ്രകാരം ഇവയ്ക്ക് അന്ന് പരമാവധി 15-20 ലക്ഷം രൂപ മാത്രമേ ചിലവ് വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
അംഗീകൃത എസ്റ്റിമേറ്റില്‍ ഇല്ലാതിരുന്നിട്ടും 7.5 ലക്ഷം രൂപയ്ക്ക് ഒരു വാഹനം വാങ്ങിയതായും ഇതിന്റെ ഇന്ധനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി മറ്റൊരു 7.5 ലക്ഷം രൂപ കൂടി ചിലവാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഗവേഷണത്തിന്റെ പേരില്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ 24 തവണയോളം വിമാന യാത്രകള്‍ നടത്തി. ഇതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഫര്‍ണിച്ചറുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമായി 15 ലക്ഷം രൂപയും ലേബര്‍ പേയ്മെന്റായി 3.5 ലക്ഷം രൂപയും ചിലവാക്കിയിട്ടുണ്ട്. ഇവ ഗവേഷണവുമായി നേരിട്ട് ബന്ധമുള്ളതല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ കലക്ടര്‍ രഘുവര്‍ മറാവി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിലും കാന്‍സര്‍ ചികിത്സ സംബന്ധിച്ച ഗവേഷണത്തില്‍ പുരോഗതിയുണ്ടാകുന്നതിലും പദ്ധതി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ആരോപണങ്ങള്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്എസ്. ടോമര്‍ നിഷേധിച്ചു. എല്ലാ വാങ്ങലുകളും ടെന്‍ഡര്‍ വഴിയാണ് നടന്നതെന്നും അന്വേഷണ സമിതിയോട് സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications