സിനിമാനടിയായ ബിജെപി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഓഫീസറെ ഭീഷണിപ്പെടുത്തി
കൊല്‍ക്കത്ത: ബി ജെ പി സ്ഥാനാര്‍ഥിയും പ്രമുഖ നടിയുമായ ലോക്കറ്റ് ചാറ്റര്‍ജി തിരഞ്ഞെടുപ്പ് ഓഫീസറെ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നു എന്നാരോപിച്ചാണ് ലോക്കറ്റ് ചാറ്റര്‍ജിയും കൂട്ടരും തിരഞ്ഞെടുപ്പ് ഓഫീസറോട് തട്ടിക്കയറിയത്. പശ്ചിമ ബംഗാളിലെ ജനങ്ങളെ നിങ്ങള്‍ ചതിക്കുകയാണ് എന്ന് പറഞ്ഞ ലോക്കറ്റ് ചാറ്റര്‍ജി ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും എന്ന് ഓഫീസറെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭിര്‍ഭും ജില്ലയിലെ മയൂരേശ്വരി മണ്ഡലത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിടത്തെ ബി ജെ പി സ്ഥാനാര്‍ഥിയാണ് ചാറ്റര്‍ജി. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നു എന്ന് ഒരാള്‍ ആരോപിച്ചതിന് പിന്നാലെയാണ് ചാറ്റര്‍ജി തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്തത്. കൃത്രിമം നടക്കുന്നുണ്ടോ എന്ന് ഇവര്‍ കൈചൂണ്ടി പലവട്ടം തിരഞ്ഞെടുപ്പ് ഓഫീസറോട് ചോദിച്ചു.

എന്നാല്‍ അങ്ങനെ ഒരു സംഭവം ഇല്ല എന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറച്ചുനിന്നു. ഇതോടെ നിയന്ത്രണം വിട്ട ലോക്കറ്റ് ചാറ്റര്‍ജി കൈ ചുരുട്ടി ഡസ്‌കില്‍ ഇടിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുകയായിരുന്നു. ലോക്കറ്റ് ചാറ്റര്‍ജിയുടെ പ്രകടനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇത് കാണിച്ചിട്ടാണ് ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ലോക്കറ്റ് ചാറ്റര്‍ജി തിരഞ്ഞെടുപ്പ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്.
തിരഞ്ഞെടുപ്പില്‍ കൃത്രിമം അനുവദിക്കാന്‍ നിങ്ങള്‍ക്ക് നാണം തോന്നുന്നില്ലേ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പണം വാങ്ങി നിങ്ങള്‍ നാട്ടിലെ ജനങ്ങളെ ചതിക്കുകയല്ലേ. ഇവിടെയുള്ള ആളുകള്‍ പരാതിപ്പെടുമ്പോളും അങ്ങനെ ഒരു സംഭവം ഇല്ല എന്ന് നിങ്ങള്‍ നിഷേധിക്കുകയാണോ എന്നും ഇവര്‍ തിരഞ്ഞെടുപ്പ് ഓഫീസറോട് ചോദിച്ചു. ആറ് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ടമായിരുന്നു ഏപ്രില്‍ 17 ഞായറാഴ്ച നടന്നത്.












Click it and Unblock the Notifications