ബിജെപിയെ കുറ്റം പറയേണ്ട, ഇത് കെജ്രിവാൾ ഏണി വെച്ച് പിടിച്ച തോൽവി, 5 കാരണങ്ങൾ
ഡല്‍ഹി: 2013ല്‍ കൊടുങ്കാറ്റ് പോലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മേല്‍ ആഞ്ഞ് വീശിയതാണ് ആം ആദ്മി പാര്‍ട്ടി. അന്ന് ഒരു ചൂലുമുയര്‍ത്തിപ്പിടിച്ച് എത്തിയ അരവിന്ദ് കെജ്രിവാളിന്റെ ആപ് കോണ്‍ഗ്രസിനെ രാജ്യതലസ്ഥാനത്ത് നിന്ന് തുടച്ച് നീക്കി. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ആം ആദ്മി പാര്‍ട്ടി തൂത്തെറിയപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കമുളളവര്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
ആദ്യമായി അധികാരത്തിലെത്തുമ്പോള്‍ ഡല്‍ഹിയുടെ 'രക്ഷകൻ' എന്നൊരു പ്രതിച്ഛായ കെജ്രിവാള്‍ സൃഷ്ടിച്ചിരുന്നു. അഴിമതിക്കെതിരെ എന്ന പ്രതീതി സൃഷ്ടിക്കുന്നതിനൊപ്പം ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയും കെജ്രിവാള്‍ ജനപ്രീതി നേടി. എന്നാല്‍ മദ്യനയക്കേസ് കെജ്രിവാള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കൂടാതെ വര്‍ഗീയതയോട് സന്ധി ചെയ്യുന്നു, ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു എന്നതടക്കമുളള ആരോപണങ്ങൾ പാര്‍ട്ടിയുടേയും കെജ്രിവാളിന്റെയും പ്രതിച്ഛായയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തി.

മദ്യനയക്കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച അരവിന്ദ് കെജ്രിവാളിനെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന തോല്‍വിയാണ്. ബിജെപിയുടെ പര്‍വേഷ് സാഹിബ് സിംഗിനോട് മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്രിവാള്‍ പരാജയം ഏറ്റുവാങ്ങിയത്. കെജ്രിവാളിനെ എന്തുകൊണ്ടാകും ഡല്‍ഹി തോല്‍പ്പിച്ചത്. കാരണങ്ങള്‍ നോക്കാം:
1. യമുനയിലെ വിഷം
തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ ബിജെപിക്കെതിരെ ഉയര്‍ത്തിയ യമുനയില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം കെജ്രിവാളിന് തന്നെ ബൂമറാംഗ് ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. ഡല്‍ഹിക്ക് കുടിവെള്ളം നല്‍കുന്ന യമുനാ നദി ശുചീകരിക്കുമെന്ന വാഗ്ദാനം ആപ് സര്‍ക്കാരിന് പൂര്‍ത്തിയാക്കാനായില്ല. പകരം ബിജെപിയെ കുറ്റം പറയുന്ന കെജ്രിവാളിനെയാണ് കണ്ടത്. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്രിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഹരിയാന പോലീസ് കെജ്രിവാളിനെതിരെ കേസുമെടുത്തിട്ടുണ്ട്.
2. ശീഷ് മഹല്‍ വിവാദം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന ശീഷ് മഹലുമായി ബന്ധപ്പെട്ട വിവാദം കെജ്രിവാളിനെ ആപ്പിലാക്കി. ബിജെപി പറ്റാവുന്നയിടത്തൊക്കെയും ശീഷ് മഹല്‍ ഉയര്‍ത്തിക്കൊണ്ട് വന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനം കഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ശീഷ് മഹല്‍ നവീകരിക്കാന്‍ പണം പൊടിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ കെജ്രിവാളിന് വലിയ ചീത്തപ്പേരുണ്ടാക്കി.
3. മദ്യനയവും ജയില്‍വാസവും
അഴിമതിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അഴിമതിക്കേസില്‍ അകത്താകുന്നതിന് രാജ്യതലസ്ഥാനം സാക്ഷിയായി. അഴിമതി ഇടപാടുകളെ കിംഗ് പിന്‍ എന്ന് ആരോപിക്കപ്പട്ട കെജ്രിവാള്‍ 7 മാസം ജയിലില്‍ കിടന്നു. കെജ്രിവാളിന്റെ വിശ്വാസ്യത വലിയ തോതില്‍ തകര്‍ക്കാന്‍ ഈ കേസിന് സാധിച്ചുവെന്ന് വേണം കരുതാന്‍.
4. എതിരാളികള്‍ കരുത്തര്‍
ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ചെറിയ പുള്ളികളല്ല. രണ്ട് പേരും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിമാരുടെ മക്കള്‍. ബിജെപി കെജ്രിവാളിനെതിരെ രംഗത്ത് ഇറക്കിയത് മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വെര്‍മയുടെ മകന്‍ പര്‍വേഷ് വെര്‍മയെ ആണെങ്കില്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനെയാണ്. ഇതും കെജ്രിവാളിന്റെ ജയസാധ്യത കുറച്ചു.
5. പൊള്ളയായ വാഗ്ദാനങ്ങള്‍
അധികാരത്തിലെത്താന്‍ നല്‍കിയ പല വാഗ്ദാനങ്ങളും നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അരവിന്ദ് കെജ്രിവാള്‍ പരാജയപ്പെട്ടു. വൈദ്യുതി അടക്കം ചില സൗജന്യങ്ങള്‍ നല്‍കാനായി എന്നത് ഒഴിച്ചാല്‍ സാര്‍വത്രിക വികസനം ചോദ്യചിഹ്നമായി തന്നെ തുടര്‍ന്നു. മലീകരണം കുറയ്ക്കല്‍, തൊഴിലില്ലായ്മ ഇല്ലാതാക്കല്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ല. 2019ല്‍ ഡല്‍ഹിക്ക് സംസ്ഥാന പദവി കെജ്രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു. അതും നടത്തിയെടുക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications