കാവേരി നദീജല തർക്കം; ചത്ത എലിയെ കടിച്ചുപിടിച്ച് തമിഴ്നാട്ടിലെ കർഷകരുടെ പ്രതിഷേധം
ചെന്നൈ: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ ബന്ദ് പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിലും കർഷക പ്രതിഷേധം. കാവേരിയിലെ വെള്ളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കർഷകരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം നടന്നത്. തിരുച്ചിറപ്പള്ളിയിൽ ചത്ത എലിയെ കടിച്ചുപിടിച്ച് കൊണ്ടാണ് ഒരു വിഭാഗം കർഷകർ പ്രതിഷേധിച്ചത്.
'കർണാടക കാവേരി ജലം വിട്ടുനൽകിയില്ലെങ്കിൽ ജലക്ഷാമം നെൽകൃഷിയെ ബാധിക്കും. കർഷകരെ ഇത് ദാരിദ്രത്തിലേക്ക് തള്ളിവിടും, എലിമാംസം കഴിക്കാൻ ഞങ്ങൾ നിർബന്ധിതരാകും' കർഷകർ പറഞ്ഞു. അതേസമയം തഞ്ചാവൂരിൽ കര്‍ഷകര്‍ ജില്ല കലക്ടറുടെ ഓഫീസിന് മുന്നില്‍ ബലിതര്‍പ്പണം നടത്തിയാണ് പ്രതിഷേധിച്ചത്.

അതിനിടെ തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവിൽ കന്നഡ സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുകയാണ്. മാണ്ഡ്യയിൽ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. രാമനഗരയില്‍ കര്‍ണാടക രക്ഷണ വേദികെയുടെ നേതൃത്വത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ചിത്രവുമായി പ്രതീകാത്മക സംസ്കാര ചടങ്ങൊരുക്കിയാണ് പ്രതിഷേധം നടത്തിയത്.
സപ്റ്റംബർ 13 മുതൽ 27 വരെ 15 ദിവസത്തേക്ക് അയൽ സംസ്ഥാനമായ തമിഴ്‌നാടിന് 5000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകണമെന്നാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) സംസ്ഥാനത്തോട് ഉത്തരവിട്ടത് .സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നുമാണ് കർണാടക നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാകയുടെ ഹർജി പരിഗണിക്കവേ നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടകളുടെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിച്ചത്.
അതേസമയം വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരമായ്യ ആവശ്യപ്പെട്ടു. 'കാവേരി വിഷയത്തിൽ ബിജെപിയും ജെഡിഎസും രാഷ്ട്രീയം കളിക്കുന്നത് ദൗർഭാഗ്യകരമാണ്. അത് രാഷ്ട്രീയത്തിനുവേണ്ടിയാണ്, സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയല്ല. അവർക്ക് ബന്ദിന് ആഹ്വാനം ചെയ്യാനുള്ള അവകാശം ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സുപ്രീം കോടതി വിധിയുണ്ട്. നമ്മൾ നമ്മുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുമ്പോൾ മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കരുത്.സുപ്രീം കോടതിയും അതാണ് പറഞ്ഞത്', സിദ്ധരാമയ്യ പറഞ്ഞു.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ബന്ദ്. 100 ൽ അധികം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയും ജെഡിഎസും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച അർധരാത്രി മുതൽ ബെംഗളൂരുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications