'സ്പർശനേ പാപം'; സൂപ്പർമാനിലെ ചുംബന രംഗങ്ങൾക്ക് കടുംവെട്ടുമായി കേന്ദ്ര സെൻസർ ബോർഡ്
ഡിസി കോമിക്സ് ചിത്രം സൂപ്പർമാന് കടുംവെട്ടുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ചിത്രത്തിൽ നായകനും നായികയും തമ്മിലുള്ള ചുംബന രംഗങ്ങൾ അടക്കമുള്ളവയ്ക്കാണ് സെൻസർ ബോർഡ് കത്രിക വെച്ചത്. കൂടാതെ മോശം പദപ്രയോഗങ്ങൾ വരുന്ന ഭാഗങ്ങളെല്ലാം നിശബ്ദമാക്കാനും സി ബി എഫ് സി ആവശ്യപ്പട്ടിട്ടുണ്ട്. യുഎ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നൽകിയത്.
സൂപ്പർമാനായി എത്തുന്ന ഡേവിഡ് കൊറെൻസ്വെറ്റിന്റേയും നായിക റേച്ചൽ ബ്രൊസ്നഹാന്റിനേയും 33 സെക്കന്റ് നീളുന്ന ചുംബന രംഗങ്ങളാണ് സെൻസർബോഡ് വെട്ടിമാറ്റിയ രംഗങ്ങളിലൊന്ന്. നായകനും നായികയും ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ സംഭവിക്കുന്ന ചുംബന രംഗമാണിത്. സൂപ്പർമാനും ലോയിസും ആകാശത്തിൽ പറന്നുയർന്ന് ചുംബിക്കുന്ന ട്രെയിലറിൽ കണ്ട പ്രധാന സീനും ചിത്രത്തിൽ നിന്നും പൂർണമായി വെട്ടിമാറ്റിയിട്ടുണ്ട്. മോശം ആംഗ്യങ്ങൾ കാണിക്കുന്ന 8 സെക്കന്റ് നീളുന്ന മറ്റൊരു രംഗവും സെൻസർ ബോഡ് നീക്കം ചെയ്തിട്ടുണ്ട്.

പ്രിവ്യൂ ഷോകളിൽ ചിത്രത്തിന്റെ വെട്ടിയൊതുക്കിയ പതിപ്പാണ് കണ്ടതെന്നും സെൻസർബോർഡ് നടപടി വളരെ അസ്വസ്ഥത ഉണ്ടാക്കിയെന്നും പ്രേക്ഷകരിൽ ചിലർ പ്രതികരിച്ചു. വയലന്റ് ഫൈറ്റുകൾ നിലനിർത്തി ചുംബന രംഗങ്ങൾ നീക്കം ചെയ്തുവെന്ന് വിചിത്രമായിപ്പോയെന്ന് മറ്റൊരു പ്രേക്ഷകൻ പറയുന്നു. അതേസമയം ഇതാദ്യമായല്ല ബോളിവുഡ് ചിത്രത്തിന് കേന്ദ്ര സെൻസർ ബോർഡ് ഇത്തരത്തിൽ കത്രിക വെയ്ക്കുന്നത്. നിരവധി അമേരിക്കൻ ചിത്രങ്ങൾ സെൻസർ ബോർഡിന്റെ വെട്ടിമുറിക്കലിന് വിധേയമായിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബ്രാഡ് പിറ്റ് ചിത്രമായ എഫ്1 ലെ രംഗങ്ങളായിരുന്നു വെട്ടിമാറ്റിയത്. സിനിമയിലെ ഒരു രംഗത്തിൽ 'നടുവിരല്‍' ആംഗ്യം കാണിക്കുന്നത് വെട്ടി മുഷ്ടി ചുരുട്ടുന്ന രീതിയിൽ അവതരിപ്പിച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
സൂപ്പർമാനും ബോക്സ് ഓഫീസ് തേരോട്ടം തുടരുമോ?
ഡിസി കോമിക്സിലെ എക്കാലത്തേയും ശക്തനായ സൂപ്പർ ഹീറോയുടെ റീബൂട്ട് വേഷൻ ആണ് പ്രദർശിനെത്തിയിരിക്കുന്ന സൂപ്പർമാൻ. മാർവലിനായി ഹിറ്റുകൾ ഒരുക്കിയ ജയിംസ് ഗൺ ആണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച ബുക്കിംഗ് ആണ് ലഭിച്ചത്. ഇന്ത്യയിലെ മൾട്ടിപ്ലക്സ് ചെയിനുകളിൽ മാത്രം 55,000 ടിക്കറ്റുകളാണ് വിറ്റ് പോയത്. 2D, 3D വേർഷനുകളിൽ ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിലാണ് സൂപ്പർമാൻ പ്രദർശനത്തിന് എത്തുന്നത്. സിനിമ ഇന്ത്യയിൽ 9 കോടി വരെ നെറ്റ് വരുമാനം നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.












Click it and Unblock the Notifications