അഴിമതിക്കേസില്‍ അനില്‍ ദേശ്മുഖ് അറസ്റ്റില്‍
മുംബൈ: അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. കേസില്‍ സിബിഐ ആണ് അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനില്‍ ദേശ്മുഖിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, സെക്രട്ടറി സഞ്ജീവ് പലാണ്ഡെ എന്നിവരെ ഏജന്‍സി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
അഴിമതിക്കേസില്‍ അനില്‍ ദേശ്മുഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല നിലപാട് എടുത്ത സ്‌പെഷ്യല്‍ സിബിഐ കോടതിയുടെ ഉത്തരവിന് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ബോംബൈ ഹൈക്കോടതി നിരസിച്ചിരുന്നു. ഹര്‍ജി മറ്റൊരു ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസ് ഡെറെയുടെ നിര്‍ദേശം. സിബിഐ കേസില്‍ പ്രതികളായ രണ്ട് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരും കേസിന്റെ ഭാഗമാണെന്ന് ഐപിഎസ് ഓഫീസര്‍ രശ്മി ശുക്ല കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുംബൈ സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

സിബിഐ കസ്റ്റഡിയില്‍ നിന്ന് ഒഴിവാകാന്‍ അനില്‍ ദേശ്മുഖ് മനപൂര്‍വം ശ്രമിച്ചെന്നും ഇതിനായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നതായും സിബിഐ പറഞ്ഞു. ഏപ്രില്‍ നാലിനാണ് കോടതിയില്‍ നടന്ന വാദത്തിനിടെയാണ് സിബിഐ ഇത്തരത്തില്‍ അവകാശപ്പെട്ടത്.
സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് രേഖപ്പെടുത്തിയത്. 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ഇ.ഡി അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനില്‍ ദേശ്മുഖ് ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെതിരെ ദേശ്മുഖ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖിന്റെ പേഴ്‌സനല്‍ സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പേഴ്‌സനല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ജൂണില്‍ അറസ്റ്റു ചെയ്തിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് അതായത് ദേശ്മുഖ് 2020 ഡിസംബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ പിരിച്ചുവിട്ട മുംബൈ പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെ മുഖേന വിവിധ ഓര്‍ക്കസ്ട്ര ബാറുടമകളില്‍ നിന്ന് ഏകദേശം 4.7 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായി ഇഡി ആരോപിക്കുന്നു.
എന്‍സിപി നേതാവിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള സിബിഐ അന്വേഷണം നടക്കുന്നതിനോട് അനുസൃതമായാണ് ദേശ്മുഖിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇഡി അന്വേഷണം നടക്കുന്നത്. ഏപ്രില്‍ 5 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ 21ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ദേശ്മുഖ് നിഷേധിച്ചിട്ടുണ്ട്.
ഫെബ്രുവരി 25 നാണ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയയ്ക്ക് സമീപം എസ്യുവിയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. കാറിന്റെ ഉടമസ്ഥന്‍ മന്‍സുക് ഹിരണ്‍ പിന്നീട് കൊല്ലപ്പെടുകയായിരുന്നു. താനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് മുന്‍സുക്് ഹിരണ്‍. മാര്‍ച്ച് അഞ്ചിനാണ് താനെയില്‍ ഹിരാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഏറ്റുമുട്ടല്‍ വിദഗ്ധനായ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് അനില്‍ ദേശ്മുഖിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്.
മുംബൈയിലെ ബാറുകളില്‍നിന്നും റസ്റ്ററന്റുകളില്‍നിന്നുമായി മാസം 100 കോടിക്കുമുകളില്‍ പിരിച്ചുകൊടുക്കണമെന്ന് അനില്‍ ദേശ്മുഖ് സച്ചിന്‍ വാസെയോട് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. പരംബീര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്നുണ്ടായ കേസില്‍ അനില്‍ ദേശ്മുഖ് സിബിഐക്കു മുന്നില്‍ ഹാജരായിരുന്നു. മുംബൈ പൊലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിനാണ് ദേശ്മുഖ് ഹാജരായത്.












Click it and Unblock the Notifications