അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐയും: സുപ്രീംകോടതിയിലെ ഹർജിയും പിന്‍വലിച്ചു
ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സി ബി ഐ. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില്‍ വിടണമെന്ന് സി ബി ഐ ആവശ്യപ്പെടുകയായിരുന്നു. കോടതി മുറിയില്‍ വെച്ച് തന്നെ ഡല്‍ഹി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുവദിച്ച കോടതി അറസ്റ്റിനെ സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്യാന്‍ സി ബി ഐക്ക് അനുമതി നല്‍കിയത്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് സി ബി ഐ ആയിരുന്നു ആദ്യം അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഇഡി അന്വേഷണവും അറസ്റ്റും ഉണ്ടാവുന്നത്. ഇഡി കേസില്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ ഇന്നലെ രാത്രി തിഹാർ ജയിലില്‍ എത്തി സി ബി ഐ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ തന്നെ അദ്ദേകോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വേണമെന്ന് സി ബി ഐ ആവശ്യപ്പെടുമെന്ന സൂചനകളും പുറത്ത് വന്നിരുന്നു.

കേസില്‍ കെജ്രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് സി ബി ഐ അറസ്റ്റുണ്ടാണ്ടുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം തള്ളിയായിരുന്നു വിചാരണക്കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉപാധി പ്രകാരം തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങുകയും ചെയ്തു.
മാർച്ച് 21 നായിരുന്നു ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതില്‍ കെജ്‌രിവാളിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നും അഴിമതിയെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിക്കുണ്ടായിരുന്നുവെന്നുമാണ് ഇഡിയുടെ വാദം.
അഴിമതിയിലൂടെ 100 കോടി രൂപയടങ്ങിയ ചാക്കുകെട്ടുകള്‍ എഎപിക്ക് ലഭിച്ചു. ഈ പണമാണ് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതെന്ന വാദവും ഇഡി കോടതിയില്‍ ഉയർത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയായിരുന്നു കെജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
ഉത്തരവ് ബാധകമാക്കുന്നതു 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന ആവശ്യവും വിചാരണ കോടതി തള്ളിയതോടെ ഇഡി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുയായിരുന്നു. വിചാരണക്കോടതി തങ്ങളുടെ വാദങ്ങൾ പരിഗണിച്ചില്ലെന്ന് വാദിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45-ാം വകുപ്പിന്റെ ലംഘനമാണിതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. വാദം കേട്ട കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications