പ്രധാനമന്ത്രിക്കു മുന്നിലും സിബിഐ ഡയറക്ടറുടെ ഉറക്കംതൂങ്ങല്‍
ദില്ലി: സുരക്ഷ സംബന്ധിച്ചൊരു സുപ്രധാന യോഗത്തില്‍ ഉറക്കം തൂങ്ങിയ സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുടെ വീഡിയോയും ചിത്രങ്ങളും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത മറ്റൊരു യോഗത്തിലും സിബിഐ മേധാവിയുടെ ഉറക്കം തൂങ്ങല്‍.
അസമിലെ ഗുവാഹത്തിയില്‍ ഡിജിപിമാരുടേയും ഐജിമാരുടേയും 49ാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് സിബിഐ ഡയറക്ടര്‍ ഉറക്കം തൂങ്ങിയത്. പോലീസ് സേനയില്‍ സുപ്രധാന മാറ്റം വരുത്തേണ്ടതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ സംസാരിക്കവെ രഞ്ജിത് സിന്‍ഹ ഉറക്കം തൂങ്ങുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടു.

രാജ്യസുരക്ഷാ വെല്ലുവിളികളെ കുറിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിക്കുമ്പോഴായിരുന്നു ശനിയാഴ്ച സിബിഐ ഡയറക്ടര്‍ ഉറക്കം തൂങ്ങിയത്. ഇറാഖിലും സിറിയയിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐസിസ് ഇന്ത്യയിലും വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ വിഷയമായിരുന്നു.
തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ പ്രധാനപ്പെട്ട യോഗങ്ങളില്‍ ഉറക്കം തൂങ്ങിയ ഇന്ത്യയിലെ പ്രഥമ അന്വേഷണ ഏജന്‍സി തലവനെതിരെ വിവിധയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 2ജി കേസില്‍ അവിഹിതമായ ഇടപെടലുകള്‍ നടത്തിയെന്ന സംശയത്തില്‍ സുപ്രീംകോടതി വിമര്‍ശിച്ചതിന്റെ പിന്നാലെയാണ് രഞ്ജിത് സിന്‍ഹ പുതിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്.












Click it and Unblock the Notifications