സിബിഐ സമന്‍സ്: കെജ്രിവാള്‍ ജയിലിലേക്കെന്ന് കോണ്‍ഗ്രസും ബിജെപിയും, സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് കഴിയാം
ദില്ലി: അഴിമതി കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിനായി ഞായറാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സി ബി ഐ. ഇത് സംബന്ധിച്ച സമന്‍സ് സി ബി ഐ ദില്ലി മുഖ്യമന്ത്രിക്ക് കൈമാറി. സി ബി ഐ നീക്കത്തിനെതിരെ എ എ പി ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരു പോലെ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് അവകാശപ്പെടുകയാണ്.
മദ്യ അഴിമതിയുടെ സൂത്രധാരൻ കെജ്‌രിവാളാണെന്നും അടുത്ത് തന്നെ മുഖ്യമന്ത്രിക്ക് ജയിലിൽ പോകേണ്ടിവരുമെന്നുമാണ് ബി ജെ പിയും കോൺഗ്രസും ഒരുപോലെ അവകാശപ്പെടുന്നത്. "ഈ മദ്യ കുംഭകോണത്തിന്റെ അന്വേഷണം ഇപ്പോൾ അതിന്റെ സൂത്രധാരനിലെത്തിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പരസ്പരം മിസ് ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളായ - അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർ ജയിലില്‍ ഒരുമിച്ച് ഇരിക്കുന്ന ദിവസം വിദൂരമല്ല."- ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

കെജ്‌രിവാളിന് സി ബി ഐ സമൻസ് അയച്ചത് അഴിമതി ആരോപണത്തിന് പിന്നിലെ സൂത്രധാരനാണെന്ന പാർട്ടിയുടെ തുടക്കം മുതലുള്ള നിലപാട് ശരിവെക്കുന്നതാണെന്നായിരുന്നു ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ കുമാർ ചൗധരി പ്രതികരണം. "മദ്യ ഇടപാടിന് പിന്നിലെ സൂത്രധാരൻ കെജ്‌രിവാളാണെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു, കേസിൽ നടന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് പൂർണ്ണമായി അറിയാമായിരുന്നു. കെജ്‌രിവാൾ അകത്ത് ആകുന്ന ദിവസം അതിവിദൂരമല്ല ".-ചൗധരി പറഞ്ഞു.
കെജ്‌രിവാളിന്റെ ഉത്തരവില്ലാതെ മദ്യനയം പാസാക്കാമായിരുന്നോ എന്നാണ് ബിജെപി എംപി പർവേഷ് വർമ ചോദിച്ചത്. സിസോദിയയ്‌ക്കെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെടുമ്പോൾ കെജ്‌രിവാളിന് മദ്യ അഴിമതിയിൽ എങ്ങനെ രക്ഷപ്പെടാനാകും. ഒന്നും ചെയ്തില്ലെങ്കിൽ, എന്തുകൊണ്ടാണ് കെജ്‌രിവാൾ നികുതിദായകരുടെ പണത്തിൽ നിന്ന് ഒരു കോൺഗ്രസ് നേതാവിന് അഭിഭാഷകനായി കോടിക്കണക്കിന് ഫീസ് നൽകുന്നത്. ഇത് പകരം അദ്ദേഹത്തിന് സംസ്ഥാന സർക്കാർ അഭിഭാഷകരെ ഉപയോഗിച്ച് കേസ് വാദിച്ചൂടേയെന്നും അദ്ദേഹം ചോദിക്കുന്നു.
റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് ഫെബ്രുവരിയിൽ മുൻ മന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം മേയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജെയിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ഇരുവരും ഫെബ്രുവരിയിൽ ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.












Click it and Unblock the Notifications