നെറ്റ് ക്രമക്കേട് അന്വേഷത്തിനെത്തിയ സിബിഐ സംഘത്തിനെതിരെ അക്രമം: ബിഹാറില്‍ 4 പേർ അറസ്റ്റില്‍
പാട്ന: യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ സി ബി ഐ സംഘത്തിന് നേർക്ക് അക്രമം. ബിഹാറിലെ നവാഡ ജില്ലയിൽ വെച്ചാണ് സി ബി ഐ സംഘം അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം സി ബി ഐ സംഘം പ്രദേശത്തെ കാസിയാദീഹ് ഗ്രാമം സന്ദർശിച്ചപ്പോഴാണ് അക്രമമുണ്ടായത്.
അക്രമാസക്തരായ ജനക്കൂട്ടം സി ബി ഐ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് ചുറ്റും കൂടി ആക്രമിക്കുകയായിരുന്നു. ആളുകള്‍ വാഹനത്തിന് ചുറ്റും കൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് നിന്നും രക്ഷപ്പെട്ട ഉദ്യോഗസ്ഥർ പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികൾക്കെതിരെ രജൗലി പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു.

ആക്രമണത്തിൽ ഉൾപ്പെട്ട നാലുപേരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളായ മുഴുവന്‍ പേർക്കെതിരേയും നടപടി ഉണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC-NET) പരീക്ഷ ജൂൺ 18 നായിരുന്നു നടന്നത്. 317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷയില്‍ പങ്കെടുത്തു. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം പരീക്ഷ റദ്ദാക്കുകയായിരുന്നു പരീക്ഷയുടെ സമഗ്രതയിൽ പാളിച്ചകളുണ്ടായിരിക്കാം എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പരീക്ഷ റദ്ദാക്കുന്നതായി കേന്ദ്രം ബുധനാഴ്ച അറിയിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റായിരുന്നു ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള വിവരം സർക്കാറിന് നല്‍കിയത്. പിന്നാലെ വിഷയം കൂടുതൽ അന്വേഷിക്കാൻ സി ബി ഐയെ ഏല്‍പിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷയിൽ ക്രമക്കേടുകൾ നടന്നതായാണ് സി ബി ഐയുടെ പ്രാഥമിക കണ്ടത്തൽ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഹാർ കേന്ദ്രീകരിച്ചായിരുന്നു സി ബി ഐ അന്വേഷണം. ഇതിനിടെയാണ് സി ബി ഐ സംഘത്തിന് നേരെ തന്നെ നവാഡയില്‍ വെച്ച് ആക്രമണം ഉണ്ടാകുന്നത്.












Click it and Unblock the Notifications