നീരവ് മോദി ലണ്ടനില്‍ നിന്ന് കടന്നേക്കും, അറസ്റ്റ് ചെയ്യണം, ഇന്റര്‍പോളിന്റെ സഹായം തേടി സിബിഐ
ദില്ലി: വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നു. വായ്പാ എടുത്ത് വിദേശത്തേക്ക് മുങ്ങിയ നീരവ് ബ്രിട്ടനില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ നടപടി ശക്തമാക്കിയത്. നീരവ് ലണ്ടന്‍ വിട്ട് മറ്റിടങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് സിബിഐക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഇന്റര്‍പോളിനെ ബന്ധപ്പെട്ടിരിക്കുകയാണ്. നീരവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് സിബിഐയുടെ ആവശ്യം.
നീരവ് ബ്രിട്ടനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ശ്രമിക്കുന്നതായി സിബിഐ പറയുന്നു. നേരത്തെ ബെല്‍ജിയം, ചൈന എന്നിവിടങ്ങളില്‍ നീരവ് താമസിച്ചിരുന്നതായി ഇന്ത്യ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ നീരവ് ലണ്ടനില്‍ ആര്‍ഭാട ജീവിതമാണ് നയിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ആഢംബര വീടും, ബിസിനസ് സ്ഥാപനങ്ങളും ലണ്ടനില്‍ ഉണ്ടെന്ന് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യ നടപടി ശക്തമാക്കിയത്. 2018 ഓഗസ്റ്റില്‍ തന്നെ നീരവ് ബ്രിട്ടനില്‍ എത്തിയിരുന്നുവെന്നാണ് സിബിഐ ഇന്റര്‍പോളിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നീരവ് എവിടെയാണ് താമസിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളിലാണ് നീരവ് പ്രധാനമായും യാത്ര ചെയ്യുന്നത്. പല രാജ്യങ്ങളും സുരക്ഷിത കേന്ദ്രങ്ങളായിരുന്നു.
പല രാജ്യങ്ങളിലും വെച്ച് അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തുകയും, ഇന്ത്യയിലെ കേസുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് സിബിഐ പറയുന്നു. ഫ്രാന്‍സ്, ഹോങ്കോങ്, യുഎസ്, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം നീരവ് സന്ദര്‍ശിച്ചത്. ലണ്ടനില്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇതിനായിട്ടാണ് ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയത്.
ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ...