സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു
ദില്ലി: അടുത്തമാസം നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനുമാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നേരത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്.
മാറ്റിവെച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷ എന്ന് നടത്തുമെന്ന കാര്യം നിലവില്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ തീയതി പിന്നീട് അറിയിക്കും. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കിയായിരിക്കും മാര്‍ക്ക് നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൃപ്തിയില്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും.

വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സിബിഎസ്ഇ അധകൃതര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. 10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷ മെയ് നാല് മുതല്‍ നടത്താനായിരുന്നു സിബിഎസ്ഇ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലി ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തിപ്പിനെതിരെ രംഗത്ത് എത്തുകയായിരുന്നു.












Click it and Unblock the Notifications