പത്താംക്ലാസ് പരീക്ഷ ഇനി വർഷത്തില്‍ രണ്ട് തവണ: മാർക്ക് മെച്ചപ്പെടുത്താം: വന്‍ മാറ്റവുമായി സിബിഎസ്ഇ
പത്താംക്ലാസ് പരീക്ഷയില്‍ വലിയ പരിഷ്കാരങ്ങളുമായി സി ബി എസ് ഇ. 2026 മുതല്‍ സിബിഎസ്ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ട് തവണ പരീക്ഷയെഴുതാൻ അവസരം ലഭിക്കും. ഫെബ്രുവരി, മെയ് മാസങ്ങളിലായ് രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പരീക്ഷ നടത്തുകയെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി ബി എസ് ഇ) ഔദ്യോഗികമായി അറിയിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ മെച്ചപ്പെടുത്താൻ കൂടുതൽ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2026-ലെ സി ബി എസ് ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷയുടെ ആദ്യ ഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെയും, രണ്ടാം ഘട്ടം മെയ് 5 മുതൽ മേയ് 20 വരെയും നടക്കുമെന്ന് സി ബി എസ് ഇ എക്സാമിനേഷൻ കൺട്രോളർ സന്യം ഭരദ്വാജ് വ്യക്തമാക്കി. ഫെബ്രുവരി ഘട്ടത്തിൽ എല്ലാ 10-ാം ക്ലാസ് വിദ്യാർത്ഥികളും നിർബന്ധമായും പരീക്ഷ എഴുതണം. എന്നാൽ, മെയ് മാസത്തിലേതില്‍ എല്ലാവരും പങ്കെടുക്കണം എന്നില്ല. ഒന്നോ അതിലധികമോ വിഷയങ്ങളിൽ സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം രണ്ടാം ഘട്ടത്തില്‍ പരീക്ഷ എഴുതിയാല്‍ മതിയാകും.

വിദ്യാർത്ഥികൾക്ക് സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷകൾ എന്നിവയിൽ പരമാവധി മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ അനുവാദമുണ്ടായിരിക്കും. ഏതെങ്കിലും വിഷയങ്ങള്‍ മാർക്ക് കുറഞ്ഞവർക്കോ പരാജയപ്പെട്ടവർക്കോ അടുത്ത വർഷം വരെ കാത്തുനില്‍ക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ലെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതുന്നവരുടെ ഫലം 2026 ഏപ്രിലിൽ പ്രഖ്യാപിക്കും. രണ്ടാം ഘട്ട പരീക്ഷയുടെ ഫലം ജൂണിലായിരിക്കും പ്രഖ്യാപിക്കു. ഈ രണ്ട് ഘട്ട ഫലപ്രഖ്യാപന സമ്പ്രദായം, 11-ാം ക്ലാസിലേക്കുള്ള സ്ട്രീം തിരഞ്ഞെടുക്കൽ പോലുള്ള അക്കാദമിക് തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു.
ഇന്റേണല്‍ ഒരു തവണ മാത്രം
വിദ്യാർത്ഥികൾ ഒന്നോ രണ്ടോ ഘട്ടങ്ങളിൽ പരീക്ഷ എഴുതിയാലും, ഇന്റേണല്‍ മൂല്യനിർണയം അക്കാദമിക് വർഷത്തിൽ ഒരു തവണ മാത്രമേ നടത്തൂ. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ശുപാർശ പ്രകാരം കൂടിയാണ് സി ബി എസ് ഇ ഇങ്ങനെയൊരു മാറ്റത്തിലേക്ക് കടന്നിരിക്കുന്നത്.
നേരത്തെ ഫെബ്രുവരിയിൽ, സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷകൾ രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതിനുള്ള കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കുകയും അധ്യാപകർ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായവും എൻഇപിയുടെ വിദ്യാഭ്യാസ പരിഷ്കരണ ശുപാർശകളും പരിഗണിച്ചാണ് ഈ അന്തിമ തീരുമാനം.
കൂടുതൽ സമ്മർദ്ദരഹിതമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2026 മുതൽ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും പ്രഖ്യാപിച്ചിരുന്നു. "വിദ്യാർത്ഥികൾക്കിടയിലെ പരീക്ഷാ സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം, കൂടാതെ ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) നടപ്പിലാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. ജെ ഇ ഇ മെയിൻ ഫോർമാറ്റിന് സമാനമായി, രണ്ടുതവണ പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നതിലൂടെ, മികച്ച സ്കോർ നേടാന്‍ അവർക്ക് സാധിക്കും. എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ വിദ്യാർത്ഥികൾ സന്തുഷ്ടരാണെന്നാണ്' മന്ത്രി പറഞ്ഞു.












Click it and Unblock the Notifications