12-ാം ക്ലാസ് സിബിഎസ്ഇ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുമതി; ഡിജിറ്റല്‍ മൂല്യനിര്‍ണയം
ഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം (2025-26) മുതല്‍ 12-ാം ക്ലാസ് അക്കൗണ്ടന്‍സി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍). കൂട്ടല്‍, കുറയ്ക്കല്‍, ഗുണനം, ഹരിക്കല്‍ ഉള്‍പ്പെടെ അടിസ്ഥാന കണക്കുകള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന കാല്‍ക്കുലേറ്ററുകളാണ് അനുവദിക്കുക. പ്രോഗ്രാം ചെയ്യാവുന്ന കാല്‍ക്കുലേറ്റര്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഏതൊക്കെ കാല്‍ക്കുലേറ്റര്‍ മോഡലുകള്‍ ഉപയോഗിക്കാം എന്നതു സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വൈകാതെ ബോര്‍ഡ് പുറപ്പെടുവിക്കും.
അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തില്‍ സിബിഎസ്ഇയുടെ പാഠ്യപദ്ധതിയെ ഉയര്‍ത്താനാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളിലെ പഠന ഭാരം കുറയ്ക്കാനും കണക്കുകൂട്ടലുകള്‍ക്കു വേണ്ടി കൂടുതല്‍ സമയം പാഴാക്കാതെ വിശകലനാത്മകമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ 140-ാമത് ഗവേണിംഗ് ബോഡി യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്. 2023 ഡിസംബറില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് അടുത്തിടെയാണ് പരസ്യമാക്കിയത്. കാല്‍ക്കുലേറ്ററുകള്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനൊപ്പം പരീക്ഷയിലെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കരിക്കുലം കമ്മിറ്റി വിലയിരുത്തി.
നിലവില്‍, 10, 12 ക്ലാസുകളില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രാണ് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനുവാദം. അതേസമയം, കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസിഇ) 2021 മുതല്‍ 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ മൂല്യനിര്‍ണയം
വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവുള്ള വിഷയങ്ങള്‍ക്ക് ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക, ബോര്‍ഡ് പരീക്ഷകളില്‍ പുതിയ പുനര്‍മൂല്യനിര്‍ണയ പ്രക്രിയ നടപ്പാക്കുക എന്നിവയാണ് ബോര്‍ഡ് പരിഗണിക്കുന്ന മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് ഉത്തരക്കടലാസുകള്‍ നേരിട്ട് അയയ്ക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഉത്തരക്കടലാസ് പരീക്ഷാ കേന്ദ്രത്തില്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യും.
അധ്യാപകന് കമ്പ്യൂട്ടറിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓണ്‍ലൈനായി നോക്കി മാര്‍ക്കിടാം. ഇതാണ് ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം. കൂടുതല്‍ കാര്യക്ഷമമായ മൂല്യനിര്‍ണയ പ്രക്രിയ ഉറപ്പാക്കാന്‍ ഇതു സഹായിക്കുമെന്നാണ് ബോര്‍ഡ് കരുതുന്നത്. സയന്‍സ് മാത്തമാറ്റിക്‌സ് എന്നീ വിഷങ്ങളിലെ സപ്ലിമെന്ററി പരീക്ഷയിലും പുനര്‍മൂല്യനിര്‍ണയത്തിലും
പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് നടപ്പാക്കും.
സിബിഎസ്ഇയുടെ മൂല്യനിര്‍ണയ സംവിധാനത്തെ ആഗോള വിദ്യാഭ്യാസ രീതികളുമായി യോജിപ്പിക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications